തൃശൂർ: പീഡനശ്രമം ചെറുത്ത 6 വയസുകാരനെ കുളത്തിൽ മുക്കിക്കൊന്നത് അതിക്രൂരമായെന്ന് പൊലീസ്. ചാമ്പയ്‌ക്ക നൽകാമെന്ന് പറഞ്ഞായിരുന്നു കുട്ടിയെ പ്രതി കുളക്കരയിൽ എത്തിച്ചത്. ഇതിന് പിന്നാലെ പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി പ്രതിരോധിച്ചതോടെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. കയറിവരാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളി. മൂന്നാം തവണ തള്ളിയപ്പോൾ ചെളിയിലേക്ക് താഴ്ന്നുപോവുകയും ചെയ്തുവെന്നാണ് പ്രതിയായ ജോജോ പൊലീസിന് നൽകിയ മൊഴി.
തൃശൂർ മാളയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. അയൽവാസിയായ ജോജോ (20) ആണ് കേസിലെ പ്രതി. ആറുവയസുകാരന്റെ വീട്ടിൽ നിന്ന് 300 മീറ്റർ മാറിയാണ് പ്രതിയുടെ വീട്. അടുത്ത വീട്ടിലേക്ക് കളിക്കാൻ പോയ കുട്ടി തിരിച്ചുവരാതെയായപ്പോൾ വീട്ടുകാരും നാട്ടുകാരും ചേർന്ന് പരിശോധന ആരംഭിച്ചു. തിരച്ചിൽ സംഘത്തിനൊപ്പം പ്രതിയായ ജോജോയും ഉണ്ടായിരുന്നു. എന്നാൽ വാർഡ് മെമ്പർ അടക്കമുള്ളവർക്ക് ജോജോയെ സംശയം തോന്നിയപ്പോഴാണ് പൊലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തത്.
ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ കുഞ്ഞ് കുളത്തിൽ വീണുവെന്ന കാര്യം ജോജോ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. വീണ്ടും ചോദ്യം ചെയ്തതോടെയാണ് പീഡനശ്രമം പുറത്തുവന്നത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ വിളിച്ചുകൊണ്ടുപോവുകയും മോശമായി പെരുമാറുകയുമായിരുന്നു. ഇതിനെ എതിർത്ത കുട്ടി വിവരം അമ്മയോട് പറയുമെന്ന് ജോജോയോട് പറഞ്ഞു. ഇതോടെയാണ് കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ആറുവയസുകാരന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപാതകം, പോക്സോ, തട്ടിക്കൊണ്ട് പോകൽ വകുപ്പുകൾ ചേർത്താണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. നാട്ടുകാർ രോഷാകുലരായ സാഹചര്യത്തിൽ വൻ പൊലീസ് സന്നാഹത്തോടെയായിരിക്കും തെളിവെടുപ്പ്.