ചെന്നൈ: സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയതിന് പിന്നാലെ വിവാദങ്ങളിൽ കുടുങ്ങി തമിഴ്നാട് മന്ത്രി കെ പൊൻമുടി. പുരുഷന്മാർ ലൈംഗിക തൊളിലാളികളെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് സ്ത്രീകളെയും ഹൈന്ദവരെയും അധിക്ഷേപിക്കുന്ന തരത്തിൽ പൊൻമുടി സംസാരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് വിമർശനങ്ങൾ പൊട്ടിപുറപ്പെട്ടത്.
വിവാദങ്ങൾക്ക് പിന്നാലെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ശൈവ-വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നു പൊൻമുടിയുടെ പരാമർശം. വീഡിയോ വൈറലായതിന് പിന്നാലെ ഭരണകക്ഷികളിൽ നിന്ന് പോലും പൊൻമുടിക്കെതിരെ വിമർശനം ഉയർന്നു. മന്ത്രിയുടെ പരാമർശം അപലപനീയമാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി പ്രതികരിച്ചു.
ബിജെപി നേതാവ് ഖുശ്ബു സുന്ദറും വിമർശിച്ചു. സ്ത്രീകൾക്കെതിരെ വെറുപ്പുളവാക്കുന്ന പരാമർശങ്ങൾ നടത്തിയ പൊൻമുടിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഖുശ്ബു ആവശ്യപ്പെട്ടു. സ്ത്രീകളെയും ഹൈന്ദവരെയും അപമാനിക്കുന്നതിൽ മാത്രമാണ് ഡിഎംകെ ആനന്ദം കണ്ടെത്തുന്നത്. ഇപ്പോഴെങ്കിലും പൊൻമുടിയെ മന്ത്രി കസേരയിൽ നിന്ന് മാറ്റാൻ പാർട്ടിക്ക് ധൈര്യമുണ്ടോയെന്ന് ഖുശ്ബു ചോദിച്ചു. വിവാദ പരാമർശത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഖുശ്ബു പ്രതികരിച്ചത്.















