ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് മുന്നോടിയായി തഹാവൂർ ഹുസൈൻ റാണ ദുബായിലേക്ക് പോയിരുന്നെന്ന് എൻഐഎ. ദുബായിലേക്ക് എന്തിന് പോയി, ആരെ കണ്ടു എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇനി കണ്ടെത്തേണ്ടത്. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ കൂട്ടക്കൊലയിൽ ദുബായ് ബന്ധം പുറത്തുകൊണ്ടുവരാൻ റാണയെ ചോദ്യം ചെയ്യുന്നതിലൂടെ സാധ്യമാവും.
ദാവൂദ് ഗിലാനി എന്നറിയപ്പെടുന്ന ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ നിർദേശ പ്രകാരമാണ് ഹുസൈൻ റാണ ദുബായിൽ എത്തിയത്. ദുബായിലെ ആ വ്യക്തി ആരാണെന്ന് അറിയാനുള്ള സമഗ്ര അന്വേഷണം നടന്നുവരികയാണ്. ഇന്ത്യയിലേക്ക് പോകരുതെന്ന് ഹെഡ്ലി റാണയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പകരം ദുബായിലെ ഒരു വ്യക്തിയെ കണ്ട് ആക്രമണത്തിന് ഗൂഢാലോചന നടത്താൻ ഹെഡ്ലി ആവശ്യപ്പെട്ടതായാണ് വിവരം.
റാണ കണ്ട ഈ വ്യക്തിക്ക് പാകിസ്താൻ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ), പാകിസ്താൻ സൈന്യത്തിലെ മുതിർന്ന വ്യക്തി, പാകിസ്താനിലെ ഭീകരസംഘടനയുടെ നേതാവ് എന്നിവരുമായി ബന്ധമുണ്ടോയെന്നും അധികൃതർ അന്വേഷിച്ചുവരികയാണ്. ഈ വ്യക്തിയെ കുറിച്ച് അമേരിക്കൻ അധികൃതരുടെ ചോദ്യം ചെയ്യലിൽ റാണ വെളിപ്പെടുത്തിയിട്ടുണ്ടാകാം എന്നാണ് എൻഐഎയുടെ നിഗമനം. അമേരിക്ക കൈമാറിയ രേഖകളിൽ അതിനെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടാകാം.
മുംബൈയിലെ വിവിധയിടങ്ങളിലും ആക്രമണം നടത്താൻ ഹുസൈൻ റാണ പദ്ധതിയിട്ടിരുന്നു. ഭീകരാക്രമണത്തിന് മുന്നോടിയായി നവംബർ 13-നും 21-നും ഇടയിൽ റാണ ഭാര്യയോടൊപ്പം ഇന്ത്യയുടെ വിവിധയിടങ്ങൾ സന്ദർശിച്ചു. ഉത്തർപ്രദേശിലെ ഹാപൂർ, ആഗ്ര, ഡൽഹി, കൊച്ചി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ റാണ യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.















