ന്യൂഡൽഹി: ജനാധിപത്യത്തിൽ പാർലമെന്റിന്റെ ഔന്നത്യവും അപ്രമാദിത്വവും അടിവരയിട്ടുറപ്പിച്ച് കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ.
തമിഴ്നാട് ഗവർണർക്കെതിരേ വന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ട് അഭിപ്രയം പറയുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ വിധി പരിധിലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും ഗവർണർ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേകാഭിമുഖത്തിലായിരുന്നു സുപ്രീം കോടതി വിധിക്കെതിരേ അർലേക്കറുടെ പരാമർശം.
രണ്ട് ജഡ്ജിമാരുള്ള ബെഞ്ചിന് എങ്ങനെയാണ് ഇത്തരത്തിൽ ഒരു വിധി നൽകാൻ സാധിക്കുക എന്നാണ് ഗവർണറുടെ കാതലായ ചോദ്യം. ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രണ്ട് ജഡ്ജിമാർ ഇരുന്ന് സമയപരിധി എങ്ങനെ ഉണ്ടാക്കും. അങ്ങനെ ആണെങ്കിൽ പാർലമെന്റ് ആവശ്യമില്ലല്ലോ എന്ന് കേരളാ ഗവർണർ ചോദിച്ചു.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാർലമെന്റിന്റെ രണ്ട് സഭകളും ഭരണഘടനമാറ്റാൻ വേണ്ടി തീരുമാനിക്കുകയാണ് വേണ്ടത്. അതിനുപകരം ആ അധികാരം കൂടി കോടതി എടുക്കുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ അഭിമുഖത്തില്‍ പറയുന്നു.
“ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിക്കുന്നത് എനിക്ക് മനസ്സിലാകും, പക്ഷേ അത് പാർലമെന്റ് തീരുമാനിക്കണം.ബില്ലുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവർണർക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടാകണം; അവർ അത് പരിഹരിക്കട്ടെ. വ്യത്യസ്ത കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കാര്യങ്ങൾ കെട്ടിക്കിടക്കുന്നു. ചില കാരണങ്ങളുണ്ടാകണം. സുപ്രീം കോടതി ജഡ്ജിമാർക്ക് ചില കാരണങ്ങളുണ്ടെങ്കിൽ, ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. ഒരു സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ, പാർലമെന്റിലൂടെ ജനങ്ങൾ അത് ചെയ്യട്ടെ”; രാജേന്ദ്ര അർലേക്കർ പറഞ്ഞു.
സുപ്രീം കോടതിയുടെ വിധി കേരളത്തിലെ സാഹചര്യത്തിൽ വ്യത്യസ്തമാണ്. തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട വിഷയം കേട്ട ബെഞ്ച് ഇത് മറ്റൊരു ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സുപ്രീം കോടതിയുടേത് അതിരുകടന്ന പ്രവൃത്തിയാണെന്നും ഇത്തരത്തിൽ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഗവർണർ പറഞ്ഞു.
ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞത്.















