ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ മാദ്ധ്യമങ്ങളെ പഴിചാരി നടൻ ഷൈൻ ടോം ചാക്കോ. അന്വേഷണ ഉദ്യോഗസ്ഥർ പോലും തങ്ങളുടെ പേര് പറഞ്ഞിട്ടില്ലെന്നും മാദ്ധ്യമങ്ങളാണ് തങ്ങളെ പഴിക്കുന്നതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
കൊക്കെയ്ൻ കേസിൽ കോടതി വെറുതെ വിട്ടിട്ടും മാദ്ധ്യമങ്ങൾ തന്നെ പഴിക്കുന്നു. ഞാൻ പ്രതിയായ കൊക്കെയ്ൻ കേസിൽ കോടതി കുറ്റവിമുക്തനാക്കി. പക്ഷേ, മാദ്ധ്യമങ്ങൾ എന്നെ വെറുതെവിട്ടില്ല. കോടതിവിധി വന്നപ്പോൾ കൊക്കെയ്ൻ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു എന്നാണ് എഴുതിവന്നത്. പ്രതി ആരാണെന്ന് കോടതിയല്ലേ തീരുമാനിക്കുന്നത്. തെളിവുകളും എല്ലാം നോക്കിയാണ് കോടതി ഒരു കാര്യം തീരുമാനിക്കുന്നത്. വിസ്താരങ്ങളും സാക്ഷിമൊഴികളും നോക്കിയാണ് അത് പറയുന്നത്. സ്വാധീനിക്കാൻ കഴിവില്ലാത്ത ആളായത് കൊണ്ടാണ് എന്നെ ആ കേസിൽ പോലും പിടിക്കുന്നത്. ഞാൻ വെറും സാധാരണക്കാരനാണ്.
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുടെ മൊഴിയും ഷൈൻ തള്ളിയിട്ടുണ്ട്. കഞ്ചാവ് എവിടെയെന്ന് കിട്ടിയന്നൊക്കെ അവരോട് പോയി ചോദിക്കണം. കമ്മീഷണറുടെ വാർത്താസമ്മേളനം ഞാൻ കണ്ടു. അതിൽ ഞങ്ങളുടെ പേരൊന്നും പറയുന്നില്ല. മാദ്ധ്യമങ്ങളാണ് ഇതൊക്കെ പറയുന്നത്. രണ്ടര കോടിയുടെ കഞ്ചാവ് പിടിച്ചു. ഷൈനിനെയും ഭാസിയിലേക്കും അന്വേഷണം. ഇതാണ് മാദ്ധ്യമങ്ങൾ പറയുന്നത്. എന്നാൽ ഇത് എവിടെ നിന്ന് കിട്ടിയെന്ന് ആരും പറയുന്നില്ലെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു.















