ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനത്തിന് പുറമെ കയറ്റുമതിയിലും റെക്കോഡിട്ട് ഇന്ത്യ. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി മൂല്യം 2,00,000 കോടി രൂപ കടന്നതായി ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 1,29,000 കോടി രൂപയില്‍ നിന്ന് 55% വര്‍ധനവാണിത്.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, വജ്രങ്ങള്‍ തുടങ്ങിയ പരമ്പരാഗത ഉല്‍പ്പന്നങ്ങളെ മറികടന്ന് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പ്പന്നമായി ഉയര്‍ന്നിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. മോദി സര്‍ക്കാരിന്റെ ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ പ്രധാന നേട്ടമാണിതെന്ന് എസിഇഎ പറഞ്ഞു.
ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയാണ് കയറ്റുമതിയിലെ വന്‍ വളര്‍ച്ചയ്‌ക്ക് പ്രധാന കാരണം. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനൊപ്പം ആഗോള ഇലക്ട്രോണിക്‌സ് ശൃംഖലയിലെ പ്രധാന പങ്കാളിയായി ഇന്ത്യയെ ഉയര്‍ത്താനും ഈ പദ്ധതി സഹായിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ തങ്ങളുടെ ഉല്‍പ്പാദനം ഗണ്യമായി വികസിപ്പിച്ച ആഗോള ഭീമന്‍മാരായ ആപ്പിളും സാംസങ്ങുമാണ് സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലും മുന്നില്‍. ഇതിന്റെ ഫലമായി, ഇന്ത്യയുടെ മൊത്തത്തിലുള്ള മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 5,25,000 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 4,22,000 കോടി രൂപയായിരുന്നു ഉല്‍പ്പാദനം.
സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി വരുമാനം 2 ലക്ഷം കോടി രൂപ കടക്കുന്നത് ഒരു തന്ത്രപരമായ മാറ്റത്തിന്റെ സൂചനയാണെന്ന് ഐസിഇഎ ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്രൂ പറഞ്ഞു. ”സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പ്പന്നമായി മാറുന്നത് നമ്മുടെ ഇലക്ട്രോണിക്‌സ് മേഖലയുടെ വളരുന്ന ശക്തി, പക്വത, ആഗോള സംയോജനം എന്നിവയെ പ്രതിഫലിപ്പിക്കുന്നു. ഈ പരിവര്‍ത്തനത്തിന് പിഎല്‍ഐ പദ്ധതി കേന്ദ്രബിന്ദുവാണ്.’ അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ച പരസ്പര താരിഫുകള്‍ യുഎസ് വിപണിയില്‍ ഇന്ത്യന്‍ ഇലക്ട്രോണിക്സിന് പുതിയ തന്ത്രപരമായ കയറ്റുമതി അവസരങ്ങള്‍ തുറക്കുമെന്നും ഐസിഇഎ നിരീക്ഷിക്കുന്നു.
2030 ഓടെ ഇലക്ട്രോണിക്സ് നിര്‍മ്മാണത്തിലൂടെയും കയറ്റുമതിയിലൂടെയും 500 ബില്യണ്‍ ഡോളര്‍ നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.