ശ്രീകാന്ത് മണിമല
ന്യൂഡെല്‍ഹി: റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണത്തിന്റെ കുതിപ്പ്. ശനിയാഴ്ച പവന് 70000 രൂപയെന്ന നിലവാരം ഭേദിച്ചാണ് സ്വര്‍ണം മുന്നേറിയത്. 200 രൂപ വര്‍ധിച്ച് 70160 രൂപയെന്ന സര്‍വകാല റെക്കോഡിലാണ് ഇന്ന് ഇന്ത്യയില്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 8770 രൂപയായി. പണിക്കൂലി കൂടി കണക്കാക്കുമ്പോള്‍ സ്വര്‍ണാഭരണത്തിന് പവന് 76000 രൂപയ്‌ക്ക് അടുത്ത് നല്‍കണം.
ആഗോള വിപണിയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് സ്വര്‍ണം കുതിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനവും യുഎസ്-ചൈന വ്യാപാര യുദ്ധവും സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് കാരണമായി. ആഗോള തലത്തില്‍ ഓഹരി വിപണികളുടെ ഇടിവും സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ എത്തിച്ചു. അനിശ്ചിതത്വത്തിന്റെ കാലത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ വന്‍തോതില്‍ എത്തുന്നത്.
24 കാരറ്റ് സ്വര്‍ണ്ണത്തിന് 10 ഗ്രാമിന് (തോല ബാര്‍) 93,000 രൂപ കടന്നു. എല്ലാ വിഭാഗങ്ങളിലും കുതിച്ചുചാട്ടം ദൃശ്യമാണ്. വിവിധ കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില ഇങ്ങനെയാണ്…
24 കാരറ്റ് സ്വര്‍ണ്ണം: 10 ഗ്രാമിന് 93,390 രൂപ
22 കാരറ്റ് സ്വര്‍ണ്ണം: 10 ഗ്രാമിന് 85,610 രൂപ
18 കാരറ്റ് സ്വര്‍ണ്ണം: 10 ഗ്രാമിന് 70,050 രൂപ
അന്താരാഷ്‌ട്ര വിപണി
ആഗോളതലത്തില്‍ നോക്കിയാല്‍ സ്പോട്ട് ഗോള്‍ഡ് വില ആദ്യമായി ഔണ്‍സിന് 3,200 ഡോളര്‍ കടന്നിരിക്കുന്നു. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ ഔണ്‍സിന് 3,237.50 ഡോളര്‍ ആയി ഉയര്‍ന്നു.
2025 ല്‍ സ്വര്‍ണ്ണം 10 ഗ്രാമിന് ഒരു ലക്ഷം രൂപയിലെത്തുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സ്‌പ്രോട്ട് അസറ്റ് മാനേജ്മെന്റിലെ സീനിയര്‍ പോര്‍ട്ട്ഫോളിയോ മാനേജര്‍ റയാന്‍ മക്കിന്റയര്‍ പറയുന്നതനുസരിച്ച്, കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂലുകളും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആക്രമണാത്മക താരിഫ് പദ്ധതികളും എല്ലാം ചേര്‍ന്ന് സ്വര്‍ണ്ണത്തിന് ഇനിയും മുന്നേറാനുള്ള സാധ്യതയുണ്ട്.
2025 ല്‍ പ്രതീക്ഷിക്കുന്നതു പോലെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് രണ്ട് തവണ പലിശ നിരക്ക് കുറയ്‌ക്കുന്നതോടെ സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് ഒരു ലക്ഷം രൂപ കടക്കുമെന്ന് കാമ ജ്വല്ലറി എംഡിയായ കോളിന്‍ ഷാ പറയുന്നു. സ്‌പോട്ട് ഗോള്‍ഡ് വില അനായാസം 4000-4500 ഡോളറില്‍ എത്തുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാളിലെ വിദഗ്ധനായ കിഷോര്‍ നാര്‍നെ പറയുന്നു.
നിക്ഷേപം ഉയര്‍ത്തണോ
സ്വര്‍ണത്തിന്റെ കുതിപ്പു കണ്ട് നിക്ഷേപത്തില്‍ നല്ലൊരു പങ്ക് അതിലേക്ക് മാറ്റിയവര്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇനിയും നിക്ഷേപത്തിന് അവസരമുണ്ടോ എന്നതാണ് ചോദ്യം. കേന്ദ്ര ബാങ്കുകള്‍ ആവേശത്തോടെ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. എന്നാല്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കരുതലോടെ ചുവടുവെക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അഞ്ച് വര്‍ഷം ടേമുകളായി 1999 മുതലുള്ള കാലഘട്ടം പരിശോധിച്ചാല്‍ സ്വര്‍ണത്തിന്റേത് സുസ്ഥിര പ്രകടനമല്ല. 1999-2004 കാലഘട്ടത്തില്‍ 7.29% നേട്ടമാണ് സ്വര്‍ണം നല്‍കിയത്. 2004-2009 കാലത്ത് ഇത് 16.87 ശതമാനമായി ഉയര്‍ന്നു. 2009-2014 കാലത്ത് 17.03 ശതമാനമായിരുന്നു സ്വര്‍ണത്തില്‍ നിന്നുള്ള നേട്ടം. 2014-19 കാലഘട്ടത്തില്‍ ഇത് വെറും 1.73 ശതമാനമായി കുറഞ്ഞു. 2019 മുതലുള്ള കാലഘട്ടത്തില്‍ 17.44 ശതമാനം നേട്ടം സ്വര്‍ണം നല്‍കിയിട്ടുണ്ട്. ഇതേ കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണി സൂചികയായ നിഫ്റ്റി 9.67% മുതല്‍ 18.78 ശതമാനം വരെ റിട്ടേണ്‍ നല്‍കുകയും ചെയ്തു.
80:20 എന്ന അനുപാതത്തില്‍ നിക്ഷേപിക്കാനാണ് ആനന്ദ് രാഥി വെല്‍ത്ത് ലിമിറ്റഡിലെ ഡയറക്ടറായ ചേതന്‍ ഷേണോയ് ഉപദേശിക്കുന്നത്. ഓഹരി മുതല്‍ കടപ്പത്രങ്ങള്‍ വരെയുള്ള നിക്ഷേപ മാര്‍ഗങ്ങളിലേക്ക് നിക്ഷേപത്തിന്റെ 80% നിക്ഷേപിക്കുക, സ്വര്‍ണത്തിലേക്ക് 20 ശതമാനവും. നിക്ഷേപക പോര്‍ട്ട്‌ഫോളിയോയുടെ 5-10% ല്‍ കൂടുതല്‍ സ്വര്‍ണത്തിലാവരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണം വാങ്ങുമ്പോള്‍ തന്നെ ആഭരണങ്ങളായി വാങ്ങാതെ തോല ബാറുകളായോ സ്വര്‍ണ നാണയങ്ങളായോ വാങ്ങുക. പണിക്കൂലി ഇതിലൂടെ ലാഭിക്കാന്‍ പറ്റും. ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുന്നതാണ് മറ്റൊരു സൗകര്യം. ഇതില്‍ പണിക്കൂലം ലാഭിക്കുന്നതിനൊപ്പം സ്വര്‍ണം സൂക്ഷിച്ചു വെക്കേണ്ട തലവേദന കുറയുകയും ചെയ്യും. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) നിക്ഷേപിക്കുന്നതും മികച്ച നിക്ഷേപ മാര്‍ഗമാണ്.