തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ 13 വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മേനംകുളം സ്വദേശിയായ വി എസ് ശ്രീബുവിനെതിരെയാണ് കേസെടുത്തത്. തടഞ്ഞുവയ്‌ക്കുക, മർദ്ദിച്ച് പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
വ്യാഴാഴ്ച രാത്രി കഴക്കൂട്ടം മേനംകുളം പാൽക്കരഭഗവതി ക്ഷേത്രത്തിൽ വച്ചാണ് സംഭവമുണ്ടായത്. മേനംകുളം സ്വദേശികളായ സുമേഷ്- അശ്വതി ദമ്പതികളുടെ മകനാണ് മർദ്ദനമേറ്റത്. ക്ഷേത്രത്തിൽ നടന്ന തൂക്കം ചടങ്ങിന് ശേഷം ക്ഷേത്രത്തിന് മുന്നിൽ നിന്ന വിനായകിനോട് അവിടെ നിന്ന് മാറാൻ പറയുകയും പിന്നീട് പിടിച്ചുതള്ളുകയും ചെയ്തു. നിലത്തുവീണ കുട്ടിയെ എസ്ഐ ചവിട്ടുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
പൊലീസുകാരന്റെ ആക്രമണത്തിൽ കുട്ടിയുടെ വലത് കാലിന് പരിക്കേറ്റു. വിനായകന്റെ അച്ഛനും ശ്രീബുവും തമ്മിലുള്ള തർക്കവും വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമായത്. ഉത്സവകമ്മിറ്റി ഭാഗവാഹിയാണ് എസ്ഐ. കുട്ടിയെ മർദ്ദിക്കുന്ന സമയത്ത് ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. എസ്ഐയുടെ ആക്രമണത്തിൽ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് രക്ഷകർത്താക്കളുടെ തീരുമാനം.