ഷിംല: ഹിമാചൽപ്രദേശിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 31 പേർക്ക് പരിക്കേറ്റു. ഹിമാചലിലെ മാണ്ഡിയിലാണ് അപകടം. മാണ്ഡിയിൽ നിന്ന് കുളുവിലേക്ക് പോവുകയായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപെട്ടത്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ആകെ 31 പേർക്കാണ് പരിക്കേറ്റത്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചിലർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരുടെ നില അതീവ ഗുരുതരമാണ്.
ബസ് അമിത വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.