കൊല്ലം : മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്തെ വാടകവീട്ടിലാണ് ജീവനൊടുക്കിയത്. മരണകാരണം വ്യക്തമല്ല. ഫോണിൽ വിളിച്ചിട്ട് കാണാതായതോടെ ജൂനിയർ അഭിഭാഷകരെത്തി പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ അഭിഭാഷകനെ കണ്ടെത്തുന്നത്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്.
എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികളുടെ അഭിഭാഷകനായിരുന്നു മനു. ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി ജോലി ചെയ്യവെയാണ് പീഡനപരാതി വന്നത്. തുടർന്ന് രാജിവയ്‌ക്കുകയായിരുന്നു.
കർശന ഉപാധികളോടെയാണ് കഴിഞ്ഞ ദിവസം കോടതി ജാമ്യം നൽകിയത്. വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ.
ബലാത്സംഗക്കേസിലെ അതിജീവിതയായ യുവതിയെയാണ് പിജി മനു പീഡിപ്പിച്ചത്. യുവതിയെ ഓഫീസിൽ വച്ചും വീട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നതാണ് മനുവിനെതിരെയുള്ള കേസ്.















