തിരുവനന്തപുരം: ഡൽഹിയിൽ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് യാഥാർത്ഥ്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഡൽഹിയിൽ ക്രൈസ്തവരോട് ക്രൂരതയെന്ന തരത്തിലാണ് ചില മലയാള മാദ്ധ്യമങ്ങൾ ഇന്ന് രാവിലെ മുതൽ വിഷയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇതിൽ വ്യക്തത വരുത്തിയത്.
‘ കുരിശിന്റെ വഴി തടഞ്ഞു എന്ന രീതിയിൽ വാർത്തകൾ വരുന്നുണ്ട്. കഴിഞ്ഞ പതിനൊന്നാം തീയതി മുതൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം കേരളത്തിലെ എല്ലാം മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തതുമാണ്. ഇന്നലെ ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടത്തുന്ന ഘോഷയാത്രയ്‌ക്കും അനുമതി നൽകിയിരുന്നില്ല. അതുപോലുള്ള പരിപാടികളൊന്നും അനുവദിക്കുന്നില്ല. സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ഒരു തീരുമാനം’, മന്ത്രി വ്യക്തമാക്കി.
സെന്‍റ് മേരീസ് പള്ളി മുതല്‍ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ വരെയുള്ള പ്രദക്ഷിണത്തിനാണ് സുരക്ഷാകാരണം മുൻനിർത്തി പൊലീസ് അനുമതി നിഷേധിച്ചത്. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നത് നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ.
മുംബൈ ഭീരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ 11 നാണ് യുഎസിൽ നിന്നും എൻഐഎ സംഘം ഡൽഹിയിൽ എത്തിച്ചത്. പിന്നാലെ സുരക്ഷ ശക്തമാക്കാൻ വിവിധ സേനകളെ രാജ്യതലസ്ഥാനത്ത് വ്യന്യസിച്ചിട്ടുണ്ട് . ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് തഹാവൂർ ഹുസൈൻ റാണയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.