ഹുബ്ബള്ളി: ഹുബ്ബള്ളിയിലെ അധ്യാപക് നഗറിൽ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബീഹാർ സ്വദേശിയായ പ്രതിയെ കർണാടക പൊലീസ് വെടിവച്ചു കൊന്നു. ബിഹാർ പട്‌ന സ്വദേശി റിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത് . പോക്‌സോ നിയമപ്രകാരവും കൊലക്കുറ്റത്തിനും പോലീസുകാരെ ആക്രമിച്ചതിനും കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് രാവിലെയാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മൃതദേഹം പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ വിജനമായ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി.
അഞ്ച് വയസ്സുകാരിയുടെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായി ഹുബ്ബള്ളി പോലീസ് നിരവധി സംഘങ്ങൾ രൂപീകരിച്ചിരുന്നു. റിതേഷ് കുമാറിന്റെ സ്ഥാനം കണ്ടെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തി. അതിനിടെ അയാൾ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു, അതോടെ പൊലീസ് സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തു എന്നാണ് റിപ്പോർട്ട് .വനിതാ ഓഫീസർ പി.എസ്.ഐ അന്നപൂർണ ഉതിർത്ത വെടിയുണ്ടകൾ പ്രതിയുടെ കാലുകളിലും നെഞ്ചിലും തുളച്ചുകയറി, അയാൾ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. പോലീസ് അയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ കുറ്റം ചെയ്തതായി വ്യക്തമായിരുന്നു.
റിതേഷ് വർഷങ്ങളായി വീട്ടിൽ നിന്ന് മാറിനിൽക്കുകയും പലയിടങ്ങളിലായി ജോലി ചെയ്തു വരികയുമായിരുന്നു. രണ്ടോ മൂന്നോ മാസം മുൻപാണ് ഇയാൾ ഹുബ്ബള്ളിയിൽ എത്തിയതെന്നും തരിഹാല അണ്ടർപാസിന് സമീപമുള്ള വീട്ടിലാണ് താമസമെന്നും പൊലീസ് പറഞ്ഞു.















