മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ വോർലിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണിസന്ദേശം എത്തിയത്. വീട്ടിൽ കയറി സൽമാനെ കൊലപ്പെടുത്തുമെന്നും കാർ ബോംബ് വച്ച് തകർക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
സംഭവത്തിൽ വോർളി പൊലീസ് ഒരാൾക്കെതിരെ കേസെടുത്തു. എന്നാൽ ആ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം നടന്നുവരികയാണ്. നേരത്തെയും സൽമാന് നേരെ വധഭീഷണി വന്നിരുന്നു. അത് പലപ്പോഴും മുംബൈ പൊലീസിന്റെ നമ്പറിലേക്കോ അല്ലെങ്കിൽ ഇമെയിൽ വിലാസത്തിലാണോ ആണ് വരുന്നത്. ലോറൻസ് ബിഷ്ണോയി സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി സൽമാൻ ഖാന് ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് നേരിട്ടും അല്ലാതെയും ഭീഷണികൾ വന്നിരുന്നു. ഇതിന്റെ തുടർച്ചയാണോ ഈ വധഭീഷണി സന്ദേശം എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. വധഭീഷണികൾ തുടർച്ചായി വന്നതോടെ നടന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.
അടുത്തിടെ നടന്ന വാർത്താസമ്മേളനത്തിൽ വധഭീഷണികളെ കുറിച്ച് സൽമാൻ പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ ആയുസ് എപ്പോൾ തീരുമെന്ന് ദൈവം എഴുതിവച്ചിട്ടുണ്ടെന്നും വിധി അനുവദിക്കുന്നിടത്തോളം നാൾ ജീവിക്കട്ടെയെന്നും സൽമാൻ പറഞ്ഞു. “ഷൂട്ടിംഗ് സ്ഥലവും വീടുമാണ് ഇപ്പോൾ എന്റെ ലോകം. ലൊക്കേഷൻ സ്ഥലത്ത് നിന്ന് വീട്ടിലേക്കും വീട്ടിൽ നിന്ന് ലൊക്കേഷനിലും മാത്രമേ ഞാൻ ഇപ്പോൾ സഞ്ചരിക്കാറുള്ളൂ. ഈ യാത്രയെ കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും” സൽമാൻ ഖാൻ പറഞ്ഞു.