ഹിസാർ; വഖ്ഫ് നിയമത്തിലെ പുതിയ വ്യവസ്ഥകൾ ഈ രാജ്യത്തെ പാവപ്പെട്ട മുസ്ലീങ്ങൾക്ക് എപ്രകാരമാണ് ഗുണപ്രദമാവുകയെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ ഹിസാറിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മോദിയുടെ വാക്കുകൾ. അംബേദ്കറുടെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.
സ്വന്തം പാർട്ടിയുടെ നേട്ടത്തിന് വേണ്ടി വഖ്ഫ് നിയമങ്ങൾ പോലും പൊളിച്ചെഴുതിയവരാണ് കോൺഗ്രസുകാർ. വഖ്ഫ് ബോർഡിന് കീഴിൽ ലക്ഷക്കണക്കിന് ഹെക്ടർ സ്ഥലമുണ്ട്. പക്ഷെ ഇതൊന്നും തന്നെ പാവപ്പെട്ടവർക്കോ അർഹരായവർക്കോ ഗുണം ചെയ്തില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്ക് അതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നതിന് പകരം വഖ്ഫ് ഭൂമി അനുഭവിക്കുന്നത് ഭൂമാഫിയക്കാരാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
വഖ്ഫ് ഭേദഗതി നിയമത്തിലൂടെ ഭൂമി കൊള്ളയടിക്കപ്പെടുന്നത് പൂർണമായും ഒഴിവാകും. പാവപ്പെട്ടവരുടെ ഭൂമി കൈവശപ്പെടുത്തുന്നതിന് അന്ത്യം കുറിക്കും. പുതിയ വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ വനവാസികളുടെ ഭൂമിയിൽ സ്പർശിക്കാൻ പോലും വഖ്ഫ് ബോർഡിന് കഴിയില്ല. വഖ്ഫ് ഭേദഗതി നിയമത്തിലെ പുതിയ വ്യവസ്ഥകൾ വഖഫിന്റെ പവിത്രമായ ഉദ്ദേശ്യത്തെ ബഹുമാനിക്കും. മുസ്ലീം സമൂഹത്തിലെ ദരിദ്രർ, പസ്മാന്ദ കുടുംബങ്ങൾ, സ്ത്രീകൾ, മുസ്ലീം വിധവകൾ, കുട്ടികൾ എന്നിവർക്ക് അവകാശങ്ങൾ ലഭിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇതാണ് യഥാർത്ഥ സാമൂഹ്യനീതി.
കോൺഗ്രസിന്റെ പ്രീണനരാഷ്‌ട്രീയത്തിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. കോൺഗ്രസിന് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി അദ്ധ്യക്ഷനാക്കിക്കൂടാ? തെരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ മുസ്ലീങ്ങൾക്ക് നൽകൂവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഭരണഘടനയെ നശിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. സമൂഹത്തിൽ സമത്വം കൊണ്ടുവരാൻ ബിആർ അംബേദ്കർ ആഗ്രഹിച്ചു. ഈ രാജ്യത്തെ ഓരോ പാവപ്പെട്ടവരും പിന്നാക്കക്കാരനും അന്തസ്സോടെ ജീവിക്കാനും തലയയുർത്തി നടക്കാനും സ്വപ്നങ്ങൾ കീഴടക്കാനും സാധിക്കണമെന്നാണ് അംബേദ്കർ ആഗ്രഹിച്ചത്. പക്ഷെ വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്റെ വൈറസ് പടർത്തുകയായിരുന്നു കോൺഗ്രസ്. അവർ രാജ്യം ഭരിച്ചിരുന്നപ്പോൾ SC, ST OBC വിഭാഗങ്ങൾക്ക് മുൻപിൽ ബാങ്കുകൾ കൊട്ടിയടയ്‌ക്കപ്പെട്ടു. വായ്പയോ, മറ്റ് ക്ഷേമപദ്ധതികളോ അവരിലേക്ക് എത്തിയിരുന്നില്ല. എന്നാലിന്ന് ജൻധൻ അക്കൗണ്ടുകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ പട്ടികജാതി, പട്ടികവിഭാഗക്കാരായ സഹോദരീ സഹോദരന്മാരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.