ഇന്ത്യ തേടുന്ന വായ്പാ തട്ടിപ്പുകേസ് പ്രതി മെഹുൽ ചോക്സിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ബെൽജിയം. ഏപ്രിൽ 12നാണ് ചോക്സിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൈമാറണമെന്ന അപേക്ഷ ഇന്ത്യ നൽകിയെന്നും ബെൽജിയം അറിയിച്ചു. ഫെഡറൽ പബ്ലിക് സർവീസ് ഓഫ് ജസ്റ്റിസ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം അറിയിച്ചത്. ചോക്‌സി നേരിടേണ്ടിവരുന്ന നിയമനടപടികൾക്കായി അധികൃതർ തയ്യാറെടുക്കുകയാണെന്നും പ്രതിക്ക് നിയമോപദേശം തേടാനുള്ള അവസരം നൽകുമെന്നും ബെൽജിയം വ്യക്തമാക്കി.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ വായ്പ തട്ടി ഇന്ത്യയിൽ നിന്ന് മുങ്ങി ഒളിവിൽ പോയ കേസിലാണ് വജ്രവ്യാപാരി മെഹുൽ ചോക്സിയെ ബെൽജിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശരാജ്യത്ത് ഒളിവിൽ കഴിയുന്നതിനിടെ രക്താർബുദത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി സ്വിറ്റ്സർലൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. അനന്തരവൻ നീരവ് മോദിയും കേസിൽ പ്രതിയാണ്.
2018ൽ ഇന്ത്യയിൽ നിന്ന് മുങ്ങിയ ചോക്‌സി ആന്റിഗ്വയിലേക്ക് പലായനം ചെയ്യുകയും അവിടുത്തെ പൗരത്വം നേടുകയും ചെയ്തു. ഇതിന് ശേഷം ബെൽജിയൻ പൗരയായ ഭാര്യ പ്രീതി ചോക്‌സിയുടെ രേഖകൾ ഉപയോഗിച്ച് 2023 നവംബർ 15ന് ബെൽജിയത്തിൽ നിന്ന് ഒരു എഫ് റെസിഡൻസി കാർഡ് മെഹുൽ ചോക്സി സ്വന്തമാക്കി. തുടർന്ന് ബെൽജിയത്തിൽ കഴിയുകയായിരുന്നു ഇയാൾ. നിലവിൽ ബെൽജിയം ജയിലിലാണ് ചോക്സിയുള്ളത്.