തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണ റിപ്പോർട്ട് തേടി വനംമന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പിനെതിരെ അതിരൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് നിർദേശം ലഭിച്ചത്.
വാഴച്ചാൽ ഉന്നതിയിലെ താമസക്കാരായ സതീഷ്, അംബിക എന്നീ ദമ്പതികളാണ് മരിച്ചത്. അതിരപ്പിള്ളി വനംമേഖലയ്‌ക്ക് സമീപം കുടിൽ കെട്ടി തേൻ ശേഖരിച്ചു വരികയായിരുന്നു കുടുംബം. തുടർന്ന് ഇന്നലെ വൈകിട്ടാണ് കാട്ടാന ആക്രമണുണ്ടായത്. കൂട്ടമായി വന്ന കാട്ടാനകളാണ് ആക്രമിച്ചതെന്ന് കുടുംബത്തിലുണ്ടായിരുന്ന മറ്റുള്ളവർ പറയുന്നു. കാട്ടാന വന്നതോടെ ചിതറിയോടിയെങ്കിലും സതീഷിനും അംബികയ്‌ക്കും രക്ഷപ്പെടാനായില്ല.
ഇരുവരെയും കാണാതായതിനെ തുടർന്ന് വനംവകുപ്പും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിലായിരുന്നു അംബികയുടെ മൃതദേഹം. അതേസമയം മരണം കാട്ടാന ആക്രമണത്തെ തുടർന്നാണെന്ന് അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാൻ കഴിയൂവെന്ന നിലപാടിലാണ് വനംവകുപ്പ്.
എന്നാൽ തങ്ങളെ ആക്രമിച്ചത് കാട്ടാനക്കൂട്ടമാണെന്ന് രക്ഷപ്പെട്ട രമ എന്ന സ്ത്രീ പ്രതികരിച്ചു. ആക്രമണത്തിന് ഇരയായവർ വനംവകുപ്പിന്റെ വാദം തള്ളി രംഗത്തെത്തുകയായിരുന്നു. തിങ്കഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു സംഭവം. ആന തന്നെ പുഴയിലേക്ക് തള്ളിയിട്ടെന്നും തുടർന്ന് തോളെല്ലിന് പരിക്കേറ്റെന്നും രമ പറയുന്നു. കാട്ടാന വന്നപ്പോൾ ഭയന്നോടിയതിനെ തുടർന്ന് മരിച്ചതാകാനും സാധ്യതയുണ്ടെന്ന വനംവകുപ്പിന്റെ വാദം തള്ളുകയാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ.















