ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിയുടെ വിദേശ സ്വത്തുകൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇഡി ആരംഭിച്ചു. ചോക്സിയുടെ സ്വത്ത് വിവരം കൈമാറാൻ യുഎഇ, യുഎസ്എ, തായ്‌ലൻഡ്, ജപ്പാൻ തുടങ്ങി പത്ത് രാജ്യങ്ങൾക്ക് ഇഡി കത്ത് നൽകി. ചോക്സിയുടെയും വ്യക്തിപരമായ സ്വത്തുക്കളും ഗീതാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെയും വിശദാംശങ്ങളാണ് ഇഡി തേടിയത്.
ഏപ്രിൽ 12 ന് ബെൽജിയത്തിൽ വെച്ചാണ് ചോക്സി അറസ്റ്റിലായത്. ചോക്സിയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാൻ സിബിഐ ഉദ്യോഗസ്ഥർ ഉടൻ ബെൽജിയത്തിലേക്ക് പോകും. കോടതി നടപടികൾ പൂർത്തിയായതിന് പിന്നാലെ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. നയതന്ത്ര തലത്തിലും ഇതിനുള്ള ചർച്ചകൾ നടക്കുകയാണ്. ഇന്ത്യയുടെ അഭ്യർത്ഥനയോട് ബെൽജിയം അനുകൂലമായാണ് പ്രതികരിക്കുന്നതെന്നാണ് വിവരം. അതിനിടെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നേടാനുള്ള ശ്രമവും ചോക്സി നടത്തുന്നുണ്ട്. എന്നാൽ ചോക്സിക്ക് ജാമ്യം ലഭിക്കില്ലെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രതീക്ഷ.
13,000 കോടിയുടെ തട്ടിപ്പാണ് മെഹുൽ ചോക്സിയും കമ്പനിയും നടത്തിയത്. ഇതിന് പിന്നാലെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ 2,266 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. മുംബൈ, റായ്ഗഡ് , നാസിക്, നാഗ്പൂർ, കൊൽക്കത്ത, സൂററ്റ്, തമിഴ്നാട്ടിലെ വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിലുള്ള വസ്തുവകകളാണ് പിടിച്ചെടുത്തത്. 230 കോടി വിലമതിക്കുന്ന വജ്രാഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സിബിഐ ഇഡിയും അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ബെൽജിയൻ പൊലീസ് ആന്റ്‌വെർപ്പിൽ വെച്ച് ചോക്സിയെ കസ്റ്റഡിയിലെടുത്തത്. കൂട്ടുപ്രതിയും മെഹുൽ ചോക്സിയുടെ അനന്തരവനുമായ നീരവ് മോദി ലണ്ടനിലെ ജയിലിലാണ്. ഇയാളെ രാജ്യത്തെത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.