ബെംഗളൂരു: ഐടി നഗരത്തിൽ വൻ ലഹരിവേട്ട. മൂന്നിടങ്ങിൽ നിന്നായി ഏഴ് കോടിയുടെ ലഹരി പിടികൂടി. ഇതുമായി ബന്ധപ്പെട്ട് യുവ എഞ്ചിനീയർ അടക്കം ഒൻപത് മലയാളികളെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയൻ പൗരനായ ഇടനിലക്കാരനും പിടിയിലായിട്ടുണ്ട്.
ബൊമ്മസാന്ദ്രയിൽ വാടകയ്‌ക്ക് താമസിക്കുന്ന സിവിൽ എഞ്ചിനിയറായ ജീജോ പ്രസാദിൽ നിന്നും ഒരു കിലോയിലധികം ഹൈഡ്രോപോണിക് കഞ്ചാവാണ് പിടികൂടിയത്. കേരളത്തിൽ നിന്നുമാണ് ഇയാൾ ബെംഗളൂരുവിലേക്ക് ലഹരി എത്തിച്ചിരുന്നത്. ഇയാളുടെ വീട്ടിൽ നിന്നും രണ്ടര കിലോ ഹൈഡ്രോപോണിക് കഞ്ചാവും 25 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. അഞ്ച് കോടിയോളമാണ് കഞ്ചാവിന്റെ വിപണി വില. ഒരു ഗ്രാം കഞ്ചാവിന് 12,000 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്.
ഇലഹങ്ക ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത ലഹരിക്കേസിൽ എട്ട് മലയാളി യുവാക്കൾ കൂടി പിടിയിലായി. ഇവരിൽ നിന്നും 110ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകൾ പിടിച്ചെടുത്തു. ഇടനിലക്കാരനായ നൈജീരിയൻ സ്വദേശിയിൽ നിന്നും 2 കോടിയുടെ രാസലഹരിയാണ് കണ്ടെടുത്തത്. വിസാ കാലവധി കഴിഞ്ഞ ഇയാൾ അനധികൃതമായാണ് ഇന്ത്യയിൽ തങ്ങിയിരുന്നത്.















