ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പണമിടപാട് നടത്തേണ്ടി വന്നാൽ എന്തുചെയ്യും? നിങ്ങളുടെ പോക്കറ്റിലുള്ള കാശിറക്കും. കയ്യിൽ പണമില്ലെങ്കിലോ? അക്കൗണ്ട് ബാലൻസുണ്ടെങ്കിൽ ഡിജിറ്റൽ പണമിടപാട് നടത്താം. ഒരുപക്ഷെ ഡിജിറ്റലായി പണം നൽകാൻ കഴിയാത്ത സാഹചര്യമാണെങ്കിലോ? അടുത്തിരിക്കുന്ന യാത്രക്കാരനോട് സഹായം തേടേണ്ടി വരും. ഇത്തരം സാഹചര്യങ്ങളിൽ അക്കൗണ്ടിലുള്ള പണം പിൻവലിക്കാനുള്ള വഴിയൊരിക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിനിൽ യാത്ര ചെയ്യുമ്പോഴും എടിഎമ്മിൽ നിന്ന് പണമെടുക്കാനുള്ള സൗകര്യമാണ് റെയിൽവേ ഒരുക്കിയിരിക്കുന്നത്.
ട്രെയിനിൽ ATM സ്ഥാപിച്ചാണ് യാത്രക്കാരുടെ ക്ലേശത്തിന് റെയിൽവേ പരിഹാരം കണ്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. ആദ്യഘട്ടമെന്നോണം പഞ്ചവതി എക്സ്പ്രസിലാണ് സ്വകാര്യബാങ്കിന്റെ ATM സ്ഥാപിച്ചിരിക്കുന്നത്. മുംബൈയിൽ നിന്ന് മൻമദിലേക്ക് പോകുന്ന ട്രെയിൻ സർവീസാണിത്. ഇതിന്റെ AC ചെയർകാർ കോച്ചിന് സമീപമുള്ള പാൻട്രി ഏരിയയാണ് ATM സ്ഥാപിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ട്രെയിൻ ഓടുന്ന സമയത്തും ATM ഉപയോഗിക്കാമെന്നതിനാൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക വാതിലും സ്ഥാപിച്ചിട്ടുണ്ട്. മൻമദ് റെയിൽവേ വർക്ക് ഷോപ്പിലാണ് കോച്ചിന് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയകരമായാൽ മറ്റ് ട്രെയിൻ സർവീസുകളിലേക്കും ATM സ്ഥാപിക്കൽ വ്യാപിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം.
നിലവിൽ ATM സ്ഥാപിച്ചിരിക്കുന്ന പഞ്ചവതി എക്സ്പ്രസ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് സമീപജില്ലയായ നാസിക്കിലെ മൻമദ് ജംഗ്ഷനിലേക്കാണ് സർവീസ് നടത്തുന്നത്. നാലര മണിക്കൂറാണ് യാത്രാ ദൈർഘ്യം. മേഖലയിലെ ഏറ്റവും ജനപ്രിയ ട്രെയിൻ സർവീസ് കൂടിയാണിത്.















