യൂട്യൂബറായ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. യുവതിയുടെ ദുപ്പട്ട (ചുരിദാറിന്റെ ഷോൾ) ഉപയോഗിച്ച് ഭർത്താവിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ചു.
യൂട്യൂബർ രവീണ റാവുവിനെതിരെയാണ് ആരോപണം. കാമുകൻ സുരേഷുമായി ചേർന്ന് ഭർത്താവ് പ്രവീണിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. കാമുകൻ സുരേഷും യൂട്യൂബറാണ്. ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും. ഈ ബന്ധം ഭർത്താവ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു കൊലപാതകം.
കഴിഞ്ഞ മാർച്ച് 25-നാണ് സംഭവം നടന്നത്. വീട്ടിലെത്തിയ പ്രവീൺ ഭാര്യയെ രഹസ്യകാമുകനൊപ്പം കാണുകയായിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ രവീണയും സുരേഷും ചേർന്ന് ഭർത്താവിനെ കഴുത്തുഞെരിച്ച് കൊല്ലുകയും ചെയ്തു. വീട്ടിൽ നിന്ന് ആറ് കിലോമീറ്റർ മാറി മൃതദേഹം ഉപേക്ഷിച്ചു. പ്രവീണിന്റെ അഴുകിയ ശരീരം മാർച്ച് 28നാണ് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യയുടെയും കാമുകന്റെയും പങ്ക് പൊലീസിന് വ്യക്തമായി. രവീണയും സുരേഷും ചേർന്ന് മൃതദേഹം ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
2017ലാണ് പ്രവീണുമായുള്ള രവീണയുടെ വിവാഹം. ഇരുവർക്കും ആറ് വയസുള്ള മകനുണ്ട്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും രവീണ പങ്കുവെക്കുന്ന റീലുകളും വീഡിയോകളും പ്രവീണിനെ അസ്വസ്ഥമാക്കിയിരുന്നു. ഇതിന്റെ പേരിൽ ഇരുവരും നിരവധി തവണ വഴിക്കിടുകയും ചെയ്തിട്ടുണ്ട്.