ന്യൂഡെല്‍ഹി: അന്താരാഷ്‌ട്ര തലത്തിലെ അനിശ്ചിതാവസ്ഥകള്‍ക്കിടെ റെക്കോഡ് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. ഏപ്രില്‍ 16 ന് രാജ്യത്ത് സ്വര്‍ണ്ണ വില വീണ്ടും സര്‍വകാല റെക്കോഡിലെത്തി. ആഭ്യന്തര ഫ്യൂച്ചേഴ്സ് വിപണിയില്‍ ആദ്യമായി വില തോല ബാറിന് (10 ഗ്രാം) 95,000 രൂപ കടന്നു.
10 ഗ്രാമിന് 95,090 രൂപ എന്ന റെക്കോര്‍ഡാണ് ബുധനാഴ്ച സ്ഥാപിക്കപ്പെട്ടത്. ഫ്യൂച്ചേഴ്സ് വിപണിയില്‍ സ്വര്‍ണത്തിനൊപ്പം വെള്ളിയും മികച്ച നേട്ടം കൈവരിച്ചു, എംസിഎക്സില്‍ വില കിലോഗ്രാമിന് 1.56 ശതമാനം ഉയര്‍ന്ന് 96,253 രൂപയിലെത്തി.
കേരളത്തിലാവട്ടെ സ്വര്‍ണം ഗ്രാമിന് 95 രൂപ ഉയര്‍ന്ന് 8815 രൂപയായി. പവന് വില 760 രൂപ വര്‍ധിച്ച് 70,520 രൂപയിലെത്തി. ഇത് പുതിയ സര്‍വകാല റെക്കോഡാണ്.
ഡോളര്‍ ദുര്‍ബലമായതും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തെത്തുടര്‍ന്ന് തുടരുന്ന അനിശ്ചിതത്വവുമാണ് വിലയിലെ കുതിപ്പിന് കാരണമായി തുടരുന്നത്. ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകളും സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന്റെ ആവശ്യം ഉയര്‍ത്തി.
അന്താരാഷ്‌ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1.7 ശതമാനം ഉയര്‍ന്ന് 3,282.88 ഡോളറിലെത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇത് ഔണ്‍സിന് 3,290.1 ഡോളറിലെത്തിയിരുന്നു. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 1.8 ശതമാനം ഉയര്‍ന്ന് 3,299.60 ഡോളറിലെത്തി.
ഗോള്‍ഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപകര്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം ശേഖരിക്കുന്നത് തുടരുകയും ചെയ്യുന്നതിനാല്‍, വരും പാദങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ സാധ്യതകളെക്കുറിച്ച് പ്രമുഖ ബാങ്കുകള്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു. 2026 മധ്യത്തോടെ വില ഔണ്‍സിന് 4,000 ഡോളറായി ഉയരുമെന്ന് ഗോള്‍ഡ്മാന്‍ സാച്ചസ് ഗ്രൂപ്പ് പ്രവചിക്കുന്നു.