ദിപിന്‍ ദാമോദരന്‍
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതുമുതല്‍ ആഗോള സാമ്പത്തികരംഗത്തെ അനിശ്ചിതാവസ്ഥ നാള്‍ക്കുനാള്‍ രൂക്ഷമാകുകയാണ്. ചൈനയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ ഇതിന്റെ അനുരണനങ്ങള്‍ പ്രകടമാണ്. ചൈനയിലെ അമേരിക്കന്‍ കമ്പനികളും അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ചൈനീസ് സ്വാധീനമുള്ള വന്‍കിട കമ്പനികളുമെല്ലാം ആശങ്കയുടെ മുള്‍മുനയിലാണ്. ട്രംപ് തൊടുത്തുവിട്ട താരിഫ് യുദ്ധം ഏതെല്ലാം തലങ്ങളില്‍ ബാധിക്കുമെന്ന കാര്യത്തില്‍ പൂര്‍ണമായ വ്യക്തത ഇതുവരെ വന്നിട്ടില്ല. ആപ്പിളുും ബോയിങ്ങുമെല്ലാം ഇരകളായി മാറുകയാണ്.
ഭാരതത്തിന്റെ മാസ്റ്റര്‍ പ്ലാന്‍
വ്യാപാര കരാറുകളിലൂടെ താരിഫ് ഭാരം പരമാവധി കുറയ്‌ക്കാനുള്ള പദ്ധതി അതിവേഗം തയാറാക്കുകയാണ് മോദി സര്‍ക്കാര്‍. ഭാരതത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം പകരച്ചുങ്കമാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അത് നടപ്പാക്കുന്നതിന് മൂന്ന് മാസത്തെ ഇളവ് നല്‍കിയിട്ടുണ്ട് അമേരിക്കന്‍ പ്രസിഡന്റ്. ഈ കാലയളവിനുള്ളില്‍ അമേരിക്കയുമായുള്ള വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ക്ക് വേഗത കൂട്ടാനാണ് ഭാരതത്തിന്റെ ശ്രമം. ഈ വര്‍ഷം അവസാനത്തോടെ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും യുഎസും കരാറിന്റെ ആദ്യഘട്ടവുമായി ബന്ധപ്പെട്ട മാര്‍ഗരേഖയ്‌ക്കും നിബന്ധനകള്‍ക്കും അന്തിമരൂപം നല്‍കിക്കഴിഞ്ഞു. 2030 ആകുമ്പോഴേക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തിക്കുകയാണ് ആദ്യഘട്ട കരാറിന്റെ ലക്ഷ്യം.
മിഷന്‍ 500
ഇതിനോടകം തന്നെ 8,500ഓളം വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ ഭാരതം കുറയ്‌ക്കാന്‍ തയാറായിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാരം പുതു ഉയരങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘മിഷന്‍ 500’ നടപ്പാക്കാനാണ് ഭാരതത്തിന്റെ ശ്രമം. നിലവിലെ വ്യാപാരം ഇരട്ടിപ്പിക്കാനും ആഗോള വിതരണ ശൃംഖലയിലെ ഒഴിവാക്കാനാകത്ത സാന്നിധ്യമായി ഭാരതത്തെ മാറ്റുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചൈനയില്‍ നിന്നും ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പറിച്ചുനടാനുള്ള ബഹുരാഷ്‌ട്ര കമ്പനികളുടെ നീക്കവും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഊര്‍ജം, ധാതുക്കള്‍, ടെക്‌നോളജി, ഉല്‍പ്പാദനം തുടങ്ങി നിരവധി മേഖലകളെ ഉള്‍ക്കൊള്ളിക്കുന്നതാണ് യുഎസുമായുള്ള വ്യാപാര കരാര്‍.
യുകെയുമായും യൂറോപ്യന്‍ യൂണിയനുമായും വ്യത്യസ്ത വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാനും ഭാരതം പദ്ധതിയിടുന്നുണ്ട്. വിവിധ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാനാണ് ഭാരതത്തിന്റെ പദ്ധതിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്താണ് വ്യാപാര കരാറുകളുടെ നേട്ടം
താരിഫ് യുദ്ധം ഇന്ത്യയില്‍ വലിയ ആഘാതമുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് അടുത്തിടെ എഫ്എംസിജി ഭീമനായ ഐടിസിയുടെ ചെയര്‍മാന്‍ സഞ്ജീവ് പുരി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു,’ കാര്യങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവരുമെന്നത് ഇപ്പോള്‍ വ്യക്തമല്ല. എന്നാല്‍ ഇന്ത്യക്ക് പുതിയ സാഹചര്യം മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ സാധിക്കും. നിരവധി സ്വതന്ത്ര വ്യാപാര കരാറുകള്‍ അതിവേഗം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.’
എന്താണ് വ്യാപാര കരാറുകള്‍ കൊണ്ടുള്ള മെച്ചം?
സഹകരിക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ ഒരു സ്വതന്ത്ര വ്യാപാര മേഖല രൂപീകരിക്കുന്നതിന്, അന്താരാഷ്‌ട്ര നിയമമനുസരിച്ചുള്ള ഒരു കരാറാണ് ഔപചാരിക അര്‍ത്ഥത്തില്‍ സ്വതന്ത്ര വ്യാപാര കരാര്‍ അഥവാ ഫ്രീ ട്രേഡ് എഗ്രിമെന്റ്. സമഗ്ര സാമ്പത്തിക സഹകരണ കരാര്‍, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍, ഉഭയകക്ഷി വ്യാപാര കരാര്‍ എന്ന പേരിലെല്ലാം ഇതറിയപ്പെടുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മിലാകുമ്പോള്‍ ഉഭയകക്ഷി കരാറുകളും വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മള്‍ട്ടിലാറ്ററല്‍ അഥവാ ബഹുമുഖ കരാറുകളുമാകുന്നു ഇത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരം ചെയ്യുന്ന പരമാവധി ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കം കാര്യമായി കുറയ്‌ക്കുകയോ ചിലതിന് ഇല്ലാതാക്കുകയോ ആണ് വ്യാപാര കരാറുകളിലൂടെ ഉദ്ദേശിക്കുന്നത്. സ്വാഭാവികമായും അതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ വമ്പന്‍ കുതിപ്പുണ്ടാകും. എന്നാല്‍ കരാറുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് രാഷ്‌ട്രത്തലവന്‍മാരുടെ നയതന്ത്രപാടവം വലിയ പങ്കുവഹിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ചൈനയ്‌ക്കുള്ള ഇറക്കുമതിച്ചുങ്കം അമേരിക്ക 245 ശതമാനമായി ഉയര്‍ത്തിയതോടെ വന്‍കിട കമ്പനികളെല്ലാം വ്യാളിയെ കൈവിടാനുള്ള പദ്ധതിയിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് ചേക്കേറുന്നതിലൂടെ അമേരിക്കന്‍ വിപണി നിലനിര്‍ത്താനുള്ള അവസരം കൂടിയുണ്ടാകുമെന്നാണ് പല കമ്പനികളും കരുതുന്നത്. അടുത്തിടെ താരിഫ് യുദ്ധത്തെ അതിജീവിക്കാന്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് ടണ്‍കണക്കിന് ഐഫോണുകള്‍ അമേരിക്കയിലേക്ക് എത്തിച്ചത് വലിയ വാര്‍ത്ത ആയിരുന്നു.
യുഎസിലേക്ക് കയറ്റുമതി കൂടുന്നു
അതേസമയം ഇന്ത്യയില്‍ നിന്നും യുഎസിലേക്കുള്ള കയറ്റുമതിയില്‍ മികച്ച വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. മാര്‍ച്ച് മാസത്തില്‍ യുഎസിലേക്കുള്ള കയറ്റുമതി 10 ബില്യണ്‍ ഡോളര്‍ പിന്നിട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 മാര്‍ച്ചില്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 7.51 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇതാണ് 35.06 ശതമാനം വര്‍ധനയോടെ 10.14 ബില്യണ്‍ ഡോളറിലേക്ക് എത്തിയിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ യുഎസിലേക്കുള്ള മൊത്തം കയറ്റുമതി 86.51 ബില്യണ്‍ ഡോളറിന്റേതാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.59 ശതമാനമാണ് വര്‍ധന.