ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് പിന്നിടാന്‍ തയാറായി യുഎസ് സ്മാര്‍ട്ട്‌ഫോണ്‍ വമ്പനായ ആപ്പിള്‍. 2025 ലെ ആദ്യ പാദത്തില്‍ കമ്പനി ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ഐഫോണ്‍ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 3 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റെന്ന് ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റഴിച്ച 2.21 ദശലക്ഷം ഐഫോണുകളില്‍ നിന്നുള്ള വലിയ കുതിച്ചുചാട്ടമാണിത്. ഇന്ത്യയില്‍ ആപ്പിളിന്റെ അതിവേഗ വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്.
ഇന്ത്യയിലെ ആപ്പിളിന്റെ വളര്‍ച്ചയ്‌ക്ക് നോ കോസ്റ്റ് ഇഎംഐകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍, ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ വാഗ്ദാനം ചെയ്യുന്ന കിഴിവുകള്‍ തുടങ്ങിയ ഓഫറുകള്‍ പിന്തുണച്ചിട്ടുണ്ടെന്ന് ഐഡിസിയുടെ ഗവേഷണ മാനേജര്‍ ഉപാസന ജോഷി പറഞ്ഞു. ഇന്ത്യയിലെ മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ വിപണി ഒരു ചെറിയ ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സമയത്ത് പോലും ശക്തമായ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കാന്‍ ഈ ഓഫറുകള്‍ കമ്പനിയെ സഹായിച്ചു.
ബജറ്റ് സൗഹൃദ ഐഫോണ്‍ 16ഇ ഉള്‍പ്പെടെ പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 16 സീരീസ് ഈ വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ പാദത്തിലെ എല്ലാ ഐഫോണ്‍ വില്‍പ്പനകളുടെയും പകുതിയിലധികവും ഈ പുതിയ മോഡലുകളാണ്. 2024 ല്‍ നിന്നുള്ള കാര്യമായ ഒരു മാറ്റവുമാണിത്. കഴിഞ്ഞ വര്‍ഷം ഉത്സവ സീസണുകളില്‍ ഐഫോണ്‍ 15, ഐഫോണ്‍ 13 പോലുള്ള പഴയ മോഡലുകളാണ് വില്‍പ്പനയുടെ ഭൂരിഭാഗവും മുന്നോട്ടു നയിച്ചത്.
ആപ്പിള്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും 2025 ലെ ആദ്യ പാദം പൊതുവെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് അത്ര ഗുണകരമല്ല. ജനുവരി, ഫെബ്രുവരി മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 8.1% വില്‍പ്പന ഇടിവാണ് ഐഡിസി പ്രതീക്ഷിക്കുന്നത്. ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണെങ്കിലും ഉപഭോക്താക്കള്‍ ആവേശം കാട്ടുന്നില്ല. വിവോയുടെ വില്‍പ്പന 2.7 ശതമാനവും സ്ംസംഗിന്റേത് 19.5 ശതമാനവും ഇടിഞ്ഞിരുന്നു. അതേസമയം ഓപ്പോ 14.3 ശതമാനവും റിയല്‍മീ 5.3 ശതമാനവും വില്‍പ്പന വളര്‍ച്ച കൈവരിച്ചു.















