തിരുവനന്തപുരം : സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിനെ തുടർന്ന് മുഖസ്തുതി പറഞ്ഞുകൊണ്ടുള്ള ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെതിരെയാണ് കെ മുരളീധരന്റെ വിമർശനം.
“പിണറായി വിജയനു പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട മഹതിയാണ് ദിവ്യ എസ്. അയ്യർ. അവരുടെ സമൂഹമാധ്യമ പോസ്റ്റിനു വില കല്‍പ്പിക്കുന്നില്ല. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യും”, മുരളീധരന്‍ പറഞ്ഞു.
രാഷ്‌ട്രീയ നിയമനം ലഭിച്ച വ്യക്തിയെ പുകഴ്‌ത്തിയതു ശരിയായില്ലെന്ന് ദിവ്യയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്.ശബരീനാഥൻ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കെ.മുരളീധരന്റെ രൂക്ഷവിമര്‍ശനം.
ദിവ്യയുടെ നടപടിയില്‍ കടുത്ത വിമർശനമാണ് ഉയരുന്നത്.താന്‍ പറഞ്ഞതു സ്വന്തം അനുഭവത്തില്‍നിന്നുള്ള കാര്യമാണെന്നും ഒരാളെ കുറിച്ചു നല്ലതു പറയുന്നതിന് എന്തിനാണു മടിക്കുന്നത് എന്നുമാണ് ദിവ്യ എസ്. അയ്യരുടെ ചോദ്യം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ. കെ. രാഗേഷ് ഇന്നലെയാണ് സിപിഎംകണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിതനായത്. ‘കർണനു പോലും അസൂയ തോന്നുംവിധമുള്ളതാണ് കെ.കെ.ആറിന്റെ കവചം’ എന്നാണ് ദിവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച ഒട്ടേറെ ഗുണങ്ങൾ ഉണ്ടെന്നും വിശ്വസ്തതയുടെ ഒരു പാഠപുസ്തകവും കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടുമാണ് അദ്ദേഹമെന്നും ദിവ്യ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള രാഗേഷിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.















