ഇന്ത്യൻ പ്രീമിയർ ലീഗിനെ(ഐപിഎൽ)യും പാകിസ്താൻ സൂപ്പർ ലീഗി(പിഎസ്എൽ)നെയും തമ്മിൽ താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ട പാകിസ്താൻ മാദ്ധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സ്. പിഎസ്എൽ ടീയമായ ലാഹോർ ഖലന്ദർസിനുവേണ്ടി കളിക്കുകയാണ് ബില്ലിംഗ്സ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന ടി20 ലീഗുകളിൽ ഒന്നുമാത്രമാണ് പിഎസ്എൽ എന്നും അതേസമയം ഐപിഎല്ലിന്റെ ഗ്ലാമറും ആകർഷണീയതയുമായി താരതമ്യം ചെയ്യുമ്പോൾ പിഎസ്എൽ അടുത്തെങ്ങുമെത്തില്ലെന്നായിരുന്നു ബില്ലിംഗ്‌സിന്റെ മറുപടി.
ചോദ്യം ചോദിച്ച റിപ്പോർട്ടറോട് തന്റെ വായിൽ നിന്നും എന്തെങ്കിലും മണ്ടത്തരം കേൾക്കാൻ ആഗ്രഹുന്നുണ്ടോയെന്ന് പരിഹസിച്ച താരം പിഎസ്എൽ മാത്രമല്ല ലോകത്തിലെ ഒരു ടി20 ടൂർണമെന്റും ഐപിഎല്ലുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കി.
“ഞാൻ എന്തെങ്കിലും മണ്ടത്തരം പറയാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ലോകത്തിലെ ഏറ്റവും മികച്ച മത്സരമായ ഐപിഎല്ലിനെ മറികടക്കാൻ പ്രയാസമാണ്, അത് വളരെ വ്യക്തമാണ്, മറ്റെല്ലാ മത്സരങ്ങളും തൊട്ടുപിന്നിലുണ്ട്. പിഎസ്‌എൽ പോലെ ഇംഗ്ലണ്ടിലും ഞങ്ങൾ അത് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം, ബിഗ് ബാഷും ഐപിഎല്ലിന്റെ അടുത്തെത്താൻ ശ്രമിക്കുന്നു,” ബില്ലിംഗ്സ് റിപ്പോർട്ടറോട് പറഞ്ഞു.
ഇന്ത്യയെ ചർച്ചയിലേക്ക് വലിച്ചിഴച്ച് പാകിസ്താൻ റിപ്പോർട്ടർമാർ വിമർശനത്തിന് ശ്രമിക്കുന്നത് ഇതാദ്യമല്ല. ഐപിഎല്ലിൽ ഇത്തവണ ഒരു ടീമിലും ഇടം ലഭിക്കാതെപോയ ഓസ്‌ട്രേലിയൻ താരവും അടുത്തിടെ ഇത്തരത്തിൽ ഒരു ചോദ്യം നേരിട്ടു. വാർണർ പിഎസ്എൽ കളിച്ചതുകൊണ്ടാണോ ഐപിഎല്ലിൽ ഒറ്റപ്പെടുത്തിയതെന്നായിരുന്നു പാക് റിപ്പോർട്ടറുടെ ചോദ്യം. എന്നാൽ ഇത് പാടേ നിഷേധിച്ച വാർണർ ഇത്തരമൊരു വിചിത്രവാദം കേൾക്കുന്നത് ഇതാദ്യമാണെന്ന് പറഞ്ഞുകൊണ്ട് ആ കെട്ടുകഥയെ പൊളിച്ചു.