ബെംഗളൂരു: സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ദിവസങ്ങൾക്ക് ശേഷമാണ് പിടിയിലായത്. കർണാടകയിലെ ബെലഗാവ് സ്വദേശികളായ ദിയോഗ് ജെറോൺ ഭാര്യ ഫ്ലാവിയാന എന്നിവരാണ് ആത്മഹത്യ ചെയ്തത്. ആത്മഹ്യാ കുറിപ്പിലെ വിവരങ്ങളും ദമ്പതികളുടെ മൊബൈൽ ഫോണും പരിശോധിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
സൈബർ, ഇക്കണോമിക്, നാർക്കോട്ടിക് ക്രൈം പൊലീസ് എന്നിവർ നടത്തിയ അന്വേഷണത്തിൽ ഗുജറാത്തിലെ സൂറത്തിൽ നിന്ന് പ്രതിയെ പിടികൂടി. ഇയാൾക്കൊപ്പം മറ്റുചിലരും തട്ടിപ്പിൽ പങ്കാളികളായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 50 ലക്ഷം രൂപയാണ് ദമ്പതികളിൽ നിന്ന് പ്രതി തട്ടിയെടുത്തത്.
സിബിഐ ഉദ്യോഗസ്ഥനായി വേഷമിട്ട് വീഡിയോ കോൾ വഴിയാണ് പ്രതി ദമ്പതികളെ സമീപിച്ചത്. ഇയാളുടെ അക്കൗണ്ടിലേക്ക് ആറ് ലക്ഷം രൂപ ദമ്പതികൾ അയച്ചിരുന്നു. മറ്റ് അക്കൗണ്ടിലേക്ക് ബാക്കി 44 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായും അന്വേഷണസംഘം കണ്ടെത്തി.
ദമ്പതികളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച രണ്ട് പേജുള്ള കുറിപ്പിൽ നിന്ന് ആത്മഹത്യയാണെന്ന് വ്യക്തമാവുകയായിരുന്നു. രണ്ട് വ്യക്തികളുടെ പേരുകൾ ആത്മഹത്യാകുറിപ്പിൽ പരാമർശിച്ചിരുന്നു. സിം കാർഡ് ദുരുപയോഗം ചെയ്തതെന്ന് ആരോപിച്ചാണ് തട്ടിപ്പ് സംഘം ദമ്പതികളെ സമീപിച്ചത്. തുടർന്ന് നിരന്തരമുള്ള ഭീഷണിയെ തുടർന്ന് ദമ്പതികൾ പണം കൈമാറുകയായിരുന്നു.















