ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഭാര്യ പാർവതി ബി എമ്മിനും കർണാടക ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. സിബിഐ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കർണാടക ലോകായുക്ത പൊലീസ് എന്നിവർക്കും ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു.
മല്ലികാർജുന സ്വാമി, ഭൂവുടമ ദേവരാജു എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് കർണാടക ലോകായുക്ത പൊലീസിൽ നിന്ന് സിബിഐയ്‌ക്ക് കൈമാറണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പൊലീസ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അതിനാൽ സത്യസന്ധമായും നിഷ്പക്ഷമായും അന്വേഷണം നടക്കില്ലെന്നും ഹർജിയിൽ പറയുന്നു.
കേസ് സിബിഐയ്‌ക്ക് വിടണമെന്ന ഹർജിക്കാരന്റെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഹർജി ഡിവിഷൻ ബെഞ്ച് പരിശോധിച്ചുവരികയാണ്. വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കി എന്നതാണ് സിദ്ധരാമയ്യയ്‌ക്കും ഭാര്യയ്‌ക്കുമെതിരെയുള്ള കേസ്.