ബറേലി: നടനും TVK പാർട്ടി അദ്ധ്യക്ഷനുമായ വിജയിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷൻ മൗലാന ഷഹാബുദ്ധീൻ റസ്വി ആണ് ഫത്വ പുറപ്പെടുവിച്ചത്. പ്രധാനമായും രണ്ടുകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിജയ്‌ക്കെതിരെ നടപടി. നടന്റെ സിനിമകളിൽ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നതാണ് ഒരു കാരണം. മറ്റൊന്ന്, വിജയ് നടത്തിയ ഇഫ്താർ പാർട്ടിയിൽ ‘കുടിയന്മാർ’ ഉണ്ടായിരുന്നു എന്നതാണ്. ഈ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ നടപടി. ചഷ്മീ ദരുൾ ഇഫ്തയുടെ പ്രധാന മുഫ്തി കൂടിയാണ് ഫത്വ പുറപ്പെടുവിച്ച ഷഹാബുദ്ധീൻ റസ്വി.
ഇഫ്താർ ചടങ്ങിൽ മദ്യപാനികളെയും ചൂതാട്ടക്കാരെയും സത്കരിക്കുന്നത് തെറ്റാണെന്നും ഇസ്ലാമിൽ നിയമവിരുദ്ധമാണെന്നും മതനേതാവ് പറഞ്ഞു. തമിഴ്നാട്ടിലെ മുസ്ലീങ്ങൾ വിജയിയെ പോലെയുള്ളവരെ വിശ്വസിക്കരുതെന്നും മതപരിപാടികൾക്ക് ക്ഷണിക്കരുതെന്നും അകറ്റിനിർത്തണമെന്നും മൗലാന റസ്വി ആവശ്യപ്പെട്ടു.
‘ബീസ്റ്റ്’ എന്ന സിനിമയിൽ മുസ്ലീങ്ങളെ കുറ്റവാളികളായാണ് ചിത്രീകരിച്ചത്. മുസ്ലീം സമൂഹം മുഴുവനും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന രീതിയിലായിരുന്നു സിനിമ. മുസ്ലീങ്ങളെ രക്ഷസന്മാരായും പിശാചുക്കളായും ഇളയ ദളപതി കാണിച്ചു. പക്ഷെ രാഷ്‌ട്രീയത്തിലേക്ക് കടന്നപ്പോൾ വിജയ്‌ക്ക് മുസ്ലീങ്ങളെ വേണം, കാരണം വോട്ടുവേണം. അതിനായി മുസ്ലീം പ്രീണനമാണ് ഇപ്പോൾ കാണിക്കുന്നതെന്നും നടനെതിരെ മൗലാന വിമർശനമുയർത്തി. ഇഫ്താർ ചടങ്ങിന് കുടിയന്മാരെ ക്ഷണിച്ചുവരുത്തി പരിപാടിയുടെ പവിത്രത നശിപ്പിച്ച വിജയിക്കെതിരെ സുന്നി മുസ്ലീങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മൗലാന പറഞ്ഞു.















