മുംബൈ: വ്യാഴാഴ്ച രാവിലെ വ്യാപാര തുടക്കത്തില്‍ താഴേക്ക് വീണ സെന്‍സെക്‌സും നിഫ്റ്റിയും ഉച്ചയോടെ ശക്തമായ തിരിച്ചുവരവ് നടത്തി. ഏറ്റവും താഴ്ന്ന നിലയില്‍നിന്ന് സെന്‍സെക്‌സ് 700 പോയിന്റിലധികം ഉയര്‍ന്നു. ഉച്ചയ്‌ക്ക് 1.45 ഓടെ സെന്‍സെക്‌സ് 1380 പോയന്റ് ഉയര്‍ന്ന് 78,429 ല്‍ എത്തി. നിഫ്റ്റി50 373 പോയിന്റ് ഉയര്‍ന്ന് 23,807 ലും എത്തി.
അസ്ഥിരത ഉണ്ടായിരുന്നിട്ടും, ആഗോള വ്യാപാര പിരിമുറുക്കങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ മങ്ങാന്‍ തുടങ്ങിയതോടെ വിപണി വികാരം പോസിറ്റീവ് ആയി. നിക്ഷേപകര്‍ക്കിടയില്‍ വ്യാപകമായ ശുഭാപ്തിവിശ്വാസം പ്രതിഫലിപ്പിച്ചുകൊണ്ട് വിശാലമായ വിപണി സൂചികകളും റാലിയില്‍ പങ്കുചേര്‍ന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ ഏപ്രില്‍ 2 ലെ താരിഫ് ബോംബിന്റെ ആഘാതങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഓഹരി വിപണി ഏതാണ്ട് മുക്തമായതായി വിലയിരുത്തപ്പെടുന്നു. ഏപ്രില്‍ 2 മുതലുള്ള എല്ലാ നഷ്ടങ്ങളും നികത്തുന്ന ഒരേയൊരു പ്രധാന വിപണിയായി ഇന്ത്യ മാറിയെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
താരിഫുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ഗുണം ചെയ്തിട്ടുണ്ട്. ഒപ്പം യുഎസ് വ്യാപാര നടപടികളുടെ ഏക ലക്ഷ്യം ചൈനയായതോടെ ഇന്ത്യ കൂടുതല്‍ പ്രക്ഷുബ്ധതകളില്‍ നിന്ന് രക്ഷപ്പെടുമെന്ന് വിപണികള്‍ പ്രതീക്ഷിക്കുന്നു. നിലവിലെ 90 ദിവസത്തെ താരിഫ് മരവിപ്പിക്കല്‍ കാലയളവില്‍ യുഎസ്-ഇന്ത്യ വ്യാപാര കരാര്‍ സാധ്യമാകുമെന്ന് പലരും വിശ്വസിക്കുന്നു.
”ഇന്ത്യയുടെ സമീപകാല പ്രകടനം ശ്രദ്ധേയമാണ്. ഏപ്രില്‍ 2 ന് ശേഷം ഉണ്ടായ എല്ലാ നഷ്ടങ്ങളും ഇല്ലാതാക്കുകയും പ്രഖ്യാപനത്തിന് മുമ്പുള്ള നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യുകയും ചെയ്ത ഒരേയൊരു വലിയ വിപണി നമ്മുടേതാണ്,” ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വികെ വിജയകുമാര്‍ പറഞ്ഞു.
ആഭ്യന്തര ഉപഭോഗത്തെ ശക്തമായ ആധാരമാക്കിയിരിക്കുന്ന ഇന്ത്യന്‍ വിപണി, കയറ്റുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന മറ്റ് സമ്പദ് വ്യവസ്ഥകളെക്കാള്‍ താരിഫ് യുദ്ധത്തെ ചെറുക്കാന്‍ സജ്ജമാണെന്ന് വിലയിരുത്തപ്പെടുന്നു. യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമായുള്ള വ്യാപാര കരാറിനും യുഎസ് പ്രസിഡന്റ് ട്രംപ് മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്ന് ഡോ. വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവാണ് ഇന്ത്യന്‍ വിപണിക്ക് കരുത്ത് പകരുന്ന മറ്റൊരു ഘടകം. ബുധനാഴ്ച 3936 കോടി രൂപയുടെ വാങ്ങലുമായി വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) ഊര്‍ജിതമായി. ഈയാഴ്ച 10000 കോടി രൂപയുടെ നിക്ഷേപം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തി. മണ്‍സൂണ്‍ മികച്ചതാവുമെന്ന പ്രവചനവും ക്രൂഡ് ഓയില്‍ വില ബാരലിന് 61 ഡോളറിലേക്ക് താഴ്ന്നതും പണപ്പെരുപ്പം 5 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതും ഇതിന് പിന്നിലുണ്ട്.