ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബില്ലിനെതിരായ ഹർജികളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു. ഏഴ് ദിവസത്തെ സമയാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അദ്ധ്യക്ഷനായ ബഞ്ച് നൽകിയത്. ഹർജികളിൽ വാദം തുടരുമെന്നും കോടതി അറിയിച്ചു. അതുവരെ കോടതി വിധികളിലൂടെ വഖ്ഫ് സ്വത്താണെന്ന് കണ്ടെത്തിയവ, അല്ലെങ്കിൽ ഉപയോഗത്തിലൂടെ വഖ്ഫ് ആയവ തൽസ്ഥിതി തുടരണമെന്നും കോടതി ഉത്തരവിട്ടു. ഭേദഗതി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. എന്നാൽ കോടതി ഇതിന് തയ്യാറായില്ല. ഇതോടെ വഖ്ഫ് ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിച്ച് കേന്ദ്രസർക്കാരിന് മുൻപോട്ട് പോകാൻ സാധിക്കും.
വളരെ കൃത്യമായ പഠനത്തിന് ശേഷമാണ് ഭേദഗതി കൊണ്ടുവന്നതെന്ന് സോളിസറ്റർ ജനറൽ തുഷാർമേത്ത കോടതിയിൽ പറഞ്ഞു. കേന്ദ്രത്തിന് കൂടുതൽ വിശദാംശങ്ങൾ കോടതിയെ ബോദ്ധ്യപ്പെടുത്താനുണ്ട്. ഇക്കാര്യങ്ങൾ കൂടി പരിശോധിച്ച് വാദം കേട്ടതിന് ശേഷം മാത്രമേ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവൂ എന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.
വഖ്ഫ് സ്വത്തുക്കളിൽ പുതിയ നിയമം ബാധകമാകരുത്, വഖ്ഫ് ബോർഡ്, വഖ്ഫ് കൗൺസിൽ എന്നിവയിലെ നിയമനം തുടങ്ങി മൂന്ന് കാര്യങ്ങളിൽ ഇടക്കാല ഉത്തരവിറക്കുമെന്നായിരുന്നു കോടതി ആദ്യം സൂചിപ്പിച്ചത്. എന്നാൽ അത്തരം വിശദാമായ കാര്യങ്ങളിലേക്കൊന്നും കോടതി കടന്നില്ല. വിശദമായ ഉത്തരവ് വരുന്നത് വരെ വഖ്ഫ് ബോർഡിലേക്കും കൗൺസിലേക്കും നിയമനം നടത്തില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
വിഷയത്തിൽ നിരവധി ഹർജികൾ കോടതിയിൽ എത്തിയിട്ടുണ്ടെെന്നും അതിൽ പ്രധാനപ്പെട്ട് അഞ്ച് ഹർജികളിൽ വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റ് വ്യക്തമാക്കി. വിശദമായ വാദത്തിനായി നോഡൽ കൗൺസിലിനെ നിയമിക്കുമെന്നും കോടതി അറിയിച്ചു. മെയ് 5 ന് ഹർജി വീണ്ടും പരിഗണിക്കും.