എറണാകുളം: നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. ഡാൻസാഫിന്റെ പരിശോധനയ്‌ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതിന്റെ കാരണം ഷൈൻ വ്യക്തമാക്കണം.
ഷൈനിന്റെ മുറിയിൽ പരിശോധിച്ചെങ്കിലും ലഹരി വസ്തുക്കൾ കണ്ടെടുക്കാൻ കഴിഞ്ഞില്ല. ഷൈനിന്റെ ഒപ്പമുണ്ടായിരുന്നവരിൽ നിന്നും ലഹരി ഉപയോഗിച്ചതിന്റെ സാന്നിധ്യം കണ്ടെടുത്തിരുന്നില്ല. ഇറങ്ങിയോടിയതിന്റെ പേരിൽ ഷൈനിനെതിരെ കേസെടുക്കാൻ വകുപ്പില്ലെങ്കിലും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഷൈനിന്റെ വിശദീകരണം തേടും.
ഷൈനിന്റെ കയ്യിൽ ലഹരി ഉള്ളതുകൊണ്ട് ഓടിയതാകാം അല്ലെങ്കിൽ ലഹരി ഉപയോഗിച്ചതിനാൽ ഓടിയതാകാം എന്നാണ് പൊലീസിന്റെ സംശയം. വൈകാതെ നാേട്ടീസ് നൽകി ഷൈനിനെ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.















