ന്യൂഡൽഹി: ജമ്മു കശ്മീരിനെക്കുറിച്ചുള്ള പാകിസ്താൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ പരാമർശങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. കേന്ദ്രഭരണ പ്രദേശം രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. പാകിസ്താൻ അധിനിവേശ കശ്മീരിനെ (PoK) പരാമർശിച്ച ഇന്ത്യ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ” കൈമാറാൻ പാകിസ്താനോട് ആവശ്യപ്പെട്ടു.
മറ്റൊരു രാജ്യത്തിന്റെ ഭാഗം എങ്ങനെയാണ് നിങ്ങളുടെ കഴുത്തിലെ സിരയാവുക? ഇത് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമാണ്. പാകിസ്താനുമായുള്ള അതിന്റെ ഏക ബന്ധം ആ രാജ്യം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ ഉപേക്ഷിക്കുക എന്നതാണ്,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വിദേശത്തുള്ള പാകിസ്താനികളെ അഭിസംബോധന ചെയ്യവെ, 1947-ൽ പാകിസ്താന്റെ പിറവിയിലേക്ക് നയിച്ച ദ്വിരാഷ്‌ട്ര സിദ്ധാന്തത്തെ ന്യായീകരിക്കുന്നതിനിടയിൽ, ജമ്മു കശ്മീരിനെക്കുറിച്ചുള്ള തന്റെ രാജ്യത്തിന്റെ ദീർഘകാല അവകാശവാദം മുനീർ ആവർത്തിച്ചിരുന്നു.
“ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്, അത് ഞങ്ങളുടെ കഴുത്തിലെ സിരയായിരുന്നു, അത് ഞങ്ങളുടെ കഴുത്തിലെ സിരയായിരിക്കും. ഞങ്ങൾ അത് മറക്കില്ല. ഞങ്ങളുടെ കശ്മീരി സഹോദരങ്ങളെ അവരുടെ വീരോചിതമായ പോരാട്ടത്തിൽ ഞങ്ങൾ ഉപേക്ഷിക്കില്ല,” പാക് കരസേനാ മേധാവി പറഞ്ഞു. ഒരു പടി കൂടി മുന്നോട്ട് പോയി “ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വ്യക്തമായ വ്യത്യാസങ്ങളാണ്” ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പിറവിയിലേക്ക് നയിച്ചതെന്ന് പറയാനും ജനറൽ അസിം മുനീർ മുതിർന്നു. ഇതിനെതിരെയാണ് ഇന്ത്യ കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുന്നത്.