വാഷിംഗ്ടൺ: കഴിഞ്ഞ ആറ് മാസത്തിനിടെ പഞ്ചാബിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിലെ സൂത്രധാരൻ ഹാപ്പി പാസിയ എന്നറിപ്പെടുന്ന ഹർപ്രീത് സിംഗ് യുഎസിൽ അറസ്റ്റിൽ. യുഎസ് ഇമിഗ്രേഷൻ വകുപ്പാണ് ഹാപ്പി പാസിയയെ പിടികൂടിയത്. ഇന്ത്യ തിരയുന്ന കൊടും കുറ്റവാളികളിൽ ഒരാളാണ് ഹാപ്പി പാസിയ.
തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനാണ് യുഎസിൽ പിടിയിലായിരിക്കുന്നത്. ഹാപ്പി പാസിയ യുഎസ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ്. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും ബബ്ബർ ഖൽസ ഇന്റർനാഷണലുമായും സഹകരിച്ചാണ് ഹാപ്പി പാസിയ ഭീകരാക്രമണങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്.
പഞ്ചാബിലെ പൊലീസ് സ്റ്റേഷനുകൾക്ക് നേരെ ഹാപ്പി പാസിയ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണങ്ങൾക്ക് പിന്നാലെ സോഷ്യൽമീഡിയയിലൂടെ ഉത്തരവാദിത്തം ഏറ്റെടുത്തു. കഴിഞ്ഞ വർഷം നവംബറിൽ അമൃത്സറിലെ പൊലീസ് സ്റ്റേഷനിലേക്ക് ഹാപ്പി പാസിയ സ്ഫോടനം നടത്തിയിരുന്നു. കഴിഞ്ഞ വർഷം രണ്ട് മാസത്തിൽ മാത്രം എട്ട് തവണയാണ് ഹാപ്പി പാസിയ അമൃത്സറിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും പൊലീസും ചെക്ക് പോസ്റ്റുകളിലും ഗ്രനേഡ് ആക്രമണം നടത്തിയത്.
ജനുവരിയിൽ വീണ്ടും സ്ഫോടനം നടത്തി. ഫെബ്രുവരി മൂന്നിന് അമൃത്സറിലെ ഫത്തേഗഢ് പൊലീസ് പോസ്റ്റിന്റെ അതിർത്തിയിൽ സ്ഫോടനം നടന്നു. മാർച്ച് 15-ന് അമൃത്സറിലെ താക്കൂർദ്വാര ക്ഷേത്രത്തിലും ഗ്രനേഡ് ആക്രമണം നടത്തി. അവസാനമായി ഏപ്രിൽ 16-ന് പഞ്ചാബിലെ ഒരു യൂട്യൂബറുടെ വീടിന് നേരെ ഹാപ്പി പാസിയയുടെ കൂട്ടാളികൾ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു.















