ന്യൂഡൽഹി: ഫ്ലോറിഡ സർവകലാശാലയിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ടലഹാസിയിൽ സ്ഥിതിചെയ്യുന്ന സർവകലാശാലയ്‌ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റു. വെടിവയ്പ്പിനെ തുടർന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടത് സർവകലാശാലയിലെ വിദ്യാർത്ഥികളല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ ഉച്ചയോടെയാണ് വെടിവയ്പ്പുണ്ടായത്. സർവകലാശാലയിലുണ്ടായ വെടിവയ്പ്പ് ഭയാനകമായ സംഭവമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസ് താത്ക്കാലികമായി അടച്ചുപൂട്ടി.
വിദ്യാർത്ഥികളും അദ്ധ്യാപകരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് സർവകലാശാല അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര സഹായത്തിനായി 911 എന്ന നമ്പറിൽ വിളിക്കുകയോ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.















