മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അഭിലാഷ് പിള്ള തന്റെ നിലപാട് തുറന്നുപറഞ്ഞത്. ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് നടന്മാർ ലഹരി ഉപയോഗിക്കുന്നുവെന്ന നടി വിൻസിയുടെയും പ്രമുഖ നിർമാതാവിന്റെയും വെളിപ്പെടുത്തലിന് പിന്നാലെയാണ് അഭിലാഷ് പിള്ള പോസ്റ്റ് പങ്കുവച്ചത്.
ലഹരി ഉപയോഗിക്കാതെ അഭിനയം വരാത്ത അഭിനേതാക്കൾക്കും ലഹരി ഉപയോഗിക്കാതെ ജോലി ചെയ്യാൻ കഴിയാത്ത ടെക്നീഷ്യന്മാർക്കുമൊപ്പം സിനിമ ചെയ്യില്ലെന്ന് അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു.
“സിനിമയാണ് എനിക്ക് ലഹരി. അതല്ലാതെ സിനിമ ലൊക്കേഷനിലെ ലഹരിക്ക് കൂട്ടുനിൽക്കാൻ കഴിയില്ല. ആരെയും തിരുത്താൻ നിൽക്കുന്നില്ല. ഇതിന്റെ അപകടം സ്വയം മനസിലാക്കി തിരുത്തിയാൽ എല്ലാവർക്കും നല്ലത്. എന്റെ നിലപാട് ഞാൻ പറയുന്നു. ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കളും, അത് ഉപയോഗിക്കാതെ ജോലി ചെയ്യാൻ കഴിയാത്ത ടെക്നീഷൻമാരുമൊത്ത് ഇനി ഞാൻ സിനിമ ചെയ്യില്ല”- അഭിലാഷ് പിള്ള കുറിച്ചു.
ഷൈൻ ടോം ചാക്കോ ലൊക്കേഷനിൽ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്നാണ് വിൻസി അലോഷ്യസ് തുറന്നുപറഞ്ഞത്. പിന്നാലെ നടൻ ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാവ് ഹസീബ് മലബാർ ഗുരുതര ആരോപണം ഉന്നയിച്ചു. ശ്രീനാഥ് ഭാസി തന്നോട് കഞ്ചാവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാധനം ഇല്ലാതെ മൂഡ് വരില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞതായും നിർമാതാവ് വ്യക്തമാക്കിയിരുന്നു.















