ആണെന്നോ പെണ്ണെന്നോ കുട്ടികളെന്നോ വയോധികരെന്നോ വ്യത്യാസമില്ല. എല്ലാവരുടെ തലയിലും കഷണ്ടി രൂപപ്പെട്ടു. അടുത്തടുത്ത ഗ്രാമങ്ങളിൽ വസിക്കുന്നവരാണ് ഈ ദുരവസ്ഥ നേരിട്ടത്. തലമുടി കൊഴിയാൻ തുടങ്ങി ദിവസങ്ങൾക്കകം കഷണ്ടിയായവരാണ് ഭൂരിഭാഗം പേരും..
മഹാരാഷ്‌ട്രയിലെ ബുൽധാനയിൽ നിന്നുള്ള ഈ വാർത്ത ഏറെ ആശങ്കയോടെയാണ് നാം കേട്ടത്. നിരവധി പഠനങ്ങൾക്കൊടുവിൽ അധികൃതർ കാരണം കണ്ടെത്തുകയും ചെയ്തു. അവർ ഉപയോഗിച്ചിരുന്ന ഗോതമ്പുപൊടിയായിരുന്നു വില്ലൻ. കാലങ്ങളായി അവരെല്ലാം കഴിച്ചിരുന്ന ഗോതമ്പുപൊടിയിൽ ശരീരത്തിന് ഹാനികരമാകുന്ന ഘടകങ്ങൾ ഉണ്ടായിരുന്നു. ഇതായിരുന്നു ഗ്രാമവാസികളുടെ തലമുടി കൊഴിയാൻ കാരണം. ഇപ്പോഴിതാ പ്രദേശത്തെ നാല് ഗ്രാമങ്ങളിൽ മറ്റൊരു പ്രശ്നമാണ് ഉടലെടുത്തിരിക്കുന്നത്.
നഖങ്ങൾ ഇല്ലാതെയാകുന്നതാണ് പുതിയ പ്രതിഭാസം. നാല് ഗ്രാമങ്ങളിൽ 29 പേർ ഇതിന് ഇരകളാണ്. രോഗം ബാധിച്ച ആദ്യ രണ്ടുദിവസം നഖത്തിൽ വിള്ളലുകളാണ് രൂപപ്പെടുക. പിന്നീട് ഇവ കൊഴിയാൻ തുടങ്ങും. മഹാരാഷ്‌ട്രയിലെ ഷെഗൗൺ താലൂക്കിലാണ് നിഗൂഢരോഗം റിപ്പോർട്ട് ചെയ്യുന്നത്. രോഗബാധിതർക്ക് പ്രാഥമിക ചികിത്സ നൽകുകയും വിദഗ്ധ പരിശോധനയ്‌ക്കായി ഷെഗൗണിലെ മറ്റൊരാശുപത്രിയിലേക്ക് മാറ്റിയെന്നും ബുൽധാന ഹെൽത്ത് ഓഫീസർ ഡോ. അനിൽ ബങ്കർ അറിയിച്ചു.
തലമുടി കൊഴിഞ്ഞ് കഷണ്ടിയായ രോഗികളുടെ ശരീരത്തിൽ ഉയർന്ന അളവിൽ സെലേനിയം കണ്ടെത്തിയിരുന്നു. നഖം കൊഴിച്ചിൽ അനുഭവപ്പെട്ടവരിൽ വലിയൊരു വിഭാഗമാളുകളും നേരത്തെ മുടികൊഴിച്ചിൽ നേരിട്ടവരാണെന്നത് ശ്രദ്ധേയമാണ്.
2024 ഡിസംബർ മുതൽ 2025 ജനുവരി വരെയുള്ള കാലയളവിൽ ബുൽധാനയിലെ 18 ഗ്രാമങ്ങളിലുള്ള 279 പേരാണ് ദിവസങ്ങൾക്കുള്ളിൽ കഷണ്ടിയായത്. ഇവരുടെയെല്ലാം ശരീരത്തിൽ സെലേനിയത്തിന്റെ അളവ് കൂടുതലായിരുന്നു. മണ്ണിലും വെള്ളത്തിലും ചില ഭക്ഷ്യവസ്തുക്കളിലും കാണപ്പെടുന്ന ധാതുവാണ് സെലേനിയം.