കോട്ടയം: ആനക്കൂട്ടിൽ കോൺഗ്രീറ്റ് തൂണ് തകർന്നുവീണ് നാല് വയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് സ്വദേശികളുടെ മകൻ അഭിറാമാണ് മരിച്ചത്. തൂണിൽ പിടിച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ഇവർ ആനക്കൂട്ടിലേക്ക് വന്നത്. അകത്തേക്ക് കയറുന്നതിന് മുമ്പായി നടപ്പാതയ്‌ക്ക് വശത്തായാണ് തൂണുകളുള്ളത്. ഇതിൽ ചാരി നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് തൂണ് ഇളകിവീണത്. തൂണ് കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
തൂണ് നേരത്തെ ഇളകിയിരിക്കുകയായിരുന്നെന്ന് കുട്ടിയുടെ ബന്ധു പ്രതികരിച്ചു. കുട്ടി തൂണിൽ തൊട്ടപ്പോൾ തന്നെ ഇളകിവീണു. അമ്മയും കുട്ടിയോടൊപ്പം ഉണ്ടായിരുന്നെന്ന് അവർ പറഞ്ഞു.
അതിരുകല്ലുകളായി നടപ്പാതയുടെ സമീപത്ത് വച്ചിരുന്ന ചെറിയ തൂണുകളാണ് പെയിന്റടിച്ച് നടപ്പാതയുടെ ഒരു വശത്തായി വച്ചിരുന്നത്. കാലപ്പഴക്കമുള്ള തൂണുകളിൽ പലതും ഇളകിയ അവസ്ഥയിലാണ്.















