മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൃഷ്ടിച്ച അസ്ഥിരതയ്‌ക്കിടെ, നിക്ഷേപകരടക്കം വിപണിയിലെ എല്ലാ പങ്കാളികളും അച്ചടക്കത്തോടെയുള്ള സമ്പത്ത് സൃഷ്ടിക്കല്‍ എന്ന ദീര്‍ഘകാല വാഗ്ദാനത്തില്‍ വിശ്വസിക്കണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അഭ്യര്‍ത്ഥന. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (ബിഎസ്ഇ) 150-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇന്ത്യയുടെ സാമ്പത്തിക വിപണികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിക്ഷേപകരുടെ പങ്ക് പ്രധാനമാണെന്നും നിര്‍മല പറഞ്ഞു.
വിപണി ഇടനിലക്കാരും എക്‌സ്‌ചേഞ്ചുകളും ലക്ഷ്യബോധത്തോടെ നവീകരണത്തിന് വിധേയമാകണമെന്ന് ധനമന്ത്രി ആഹ്വാനം ചെയ്തു. നിക്ഷേപകരുടെ താല്‍പ്പര്യങ്ങളെ കേന്ദ്രീകരിച്ചാവണം എല്ലായ്‌പ്പോഴും പ്രവര്‍ത്തനമെന്നും നിര്‍മല സീതാരാമന്‍ ഓര്‍മിപ്പിച്ചു.
നിക്ഷേപക വിദ്യാഭ്യാസം എന്നത്തേക്കാളും നിര്‍ണായകമാണെന്ന് ഓഹരി വിപണിയിലെ യുവാക്കളുടെയും ആദ്യമായി വ്യാപാരം നടത്തുന്നവരുടെയും എണ്ണം വര്‍ദ്ധിക്കുന്നതിനെ ചൂണ്ടിക്കാട്ടി നിര്‍മല പറഞ്ഞു.
കൂടുതല്‍ സമഗ്രമായ സാമ്പത്തിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗ്രാമീണ നിക്ഷേപകര്‍ എന്നിവരെ ലക്ഷ്യമിട്ട് പ്രാദേശിക ഭാഷകളില്‍ നിക്ഷേപക അവബോധ പരിപാടികള്‍ വിപുലീകരിക്കണമെന്നും സീതാരാമന്‍ ഓഹരി വിപണി പങ്കാളികളോട് അഭ്യര്‍ത്ഥിച്ചു.
5 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ സൂചികകള്‍ 131% വരുമാനമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഇത് ആഗോള മാനദണ്ഡങ്ങളെ മറികടക്കുകയും ഇന്ത്യന്‍ വളര്‍ച്ചാ കഥയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ അടിവരയിടുകയും ചെയ്യുന്നു. എംഎസ്സിഐ എമേര്‍ജിംഗ് മാര്‍ക്കറ്റ് സൂചികയില്‍ ഇന്ത്യയുടെ പങ്ക് 2013 ലെ 6.3% ല്‍ നിന്ന് 2025 ല്‍ 18.5% ആയി ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.