പ്രാദേശിക പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാൻ ഗ്രാമീണ മേഖലകളിൽ രണ്ട് ദിവസത്തെ പര്യടനം നടത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. അരക്കു, ദുംബ്രിഗുഡ മേഖലകളിൽ നടന്ന പര്യടനത്തിനിടെ പെഡപാഡു ഗ്രാമം സന്ദർശിച്ച ജനസേനാ നേതാവ് ഗ്രാമവാസികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കിയതിനുപിന്നാലെ ഇവർക്കെല്ലാം ധരിക്കാൻ പാദരക്ഷകൾ അയച്ചുനൽകി.
സന്ദർശനവേളയിൽ പാംഗി മിതു എന്ന വൃദ്ധയായ സ്ത്രീയും ഗ്രാമത്തിലെ മറ്റ് നിരവധി സ്ത്രീകളും നഗ്നപാദരായി നിൽക്കുന്നത് പവൻ കല്യാണിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിൽ വളരെയധികം വികാരഭരിതനായ ഉപമുഖ്യമന്ത്രി ഗ്രാമത്തിൽ താമസിക്കുന്ന മൊത്തം ആളുകളുടെ എണ്ണത്തെക്കുറിച്ച് അന്വേഷിച്ചു. ഏകദേശം 350 താമസക്കാരൻ ഇവിടെയുണ്ടായിരുന്നത്. ഉടൻതന്നെ അദ്ദേഹം തന്റെ ഓഫീസ് ജീവനക്കാരെ അവരിൽ ഓരോരുത്തർക്കും പാദരക്ഷകൾ എത്തിക്കാനും വിതരണം ചെയ്യാനും ഏർപ്പാട് ചെയ്യുകയായിരുന്നു.
തങ്ങളുടെ പ്രശനം സ്വന്തം പ്രശ്നമായി ഏറ്റെടുത്ത ഉപമുഖ്യമന്ത്രിക്ക് ഗ്രാമവാസികൾ നന്ദി പ്രകടിപ്പിച്ചു. “ഞങ്ങളുടെ പവൻ സാർ വന്ന് ഞങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു,” ഒരു ഗ്രാമീണൻ വികാരഭരിതമായ ശബ്ദത്തോടെ പറഞ്ഞു. മറ്റൊരു നേതാവും ഇതുവരെ തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടില്ലെന്നും, ഗ്രാമം സന്ദർശിച്ച് ബുദ്ധിമുട്ടുകൾ പരിഹരിച്ചതിന് ഉപമുഖ്യമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു. പെഡപാടു ഗ്രാമത്തിലെ ജനങ്ങളോടൊപ്പം, മുഴുവൻ ഡംബ്രിഗുഡ മണ്ഡലവും പവൻ കല്യാണിന് ആത്മാർത്ഥമായ നന്ദി അറിയിച്ചു.