ഉത്തരാഖണ്ഡിൽ തന്റെ പേരിൽ ഒരു ക്ഷേത്രമുണ്ടെന്നും ഇവിടെ വിദ്യാർത്ഥികളെത്തി പ്രാർത്ഥിക്കുകയും പൂജ ചെയ്യുകയും ചെയ്യുമെന്ന് ബോളിവുഡ് നടി ഉർവശി റൗട്ടേല. ബദരിനാഥ് ക്ഷേത്രത്തിന് സമീപമാണ് തന്റെ പേരിലുള്ള ക്ഷേത്രമെന്നും ഇവർ പറഞ്ഞു. സിദ്ധാർത്ഥ് കണ്ണന്റെ പോഡ് കാസ്റ്റിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
ഉത്തരാഖണ്ഡിൽ എന്റെ പേരിൽ ഒരു ക്ഷേത്രമുണ്ട്. ബദരീനാഥ് സന്ദർശിക്കുകയാണെങ്കിൽ, അതിനടുത്തായി ഒരു ‘ഉർവശി ക്ഷേത്രം’ ഉണ്ട്” – അവർ പറഞ്ഞു.ആളുകൾ അമ്പലത്തിൽ പോയി അനുഗ്രഹം വാങ്ങാറുണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ ഉർവശി ചിരിച്ചുകൊണ്ട് പറഞ്ഞു, അതൊരു ക്ഷേത്രമാണ്, അവർ അത് മാത്രമേ ചെയ്യൂ”.
ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികൾ അവിടെയെത്തി പ്രാർത്ഥിക്കുകയും തന്റെ ഫോട്ടോകൾക്ക് മാല ചാർത്തുകയും ചെയ്യാറുണ്ടെന്നും അവർ അവകാശപ്പെട്ടു. തന്നെ ‘ദംദമാമയി’ എന്നാണ് അവർ അഭിസംബോദന ചെയ്യുന്നതെന്നും അവർ പറഞ്ഞു. താൻ പറയുന്നതൊക്കെ ഗൗരമായ കാര്യമാണെന്നും സത്യമാണെന്നും പറഞ്ഞ നടി ഇക്കാര്യങ്ങളൊക്കെ വാർത്തകളായിട്ടുണ്ടെന്നും അവകാശപ്പെട്ടു. നടിയുടെ പ്രസ്താവനയിൽ വ്യാപക വിമർശനമുയർന്നു.
ബദരീനാഥ് ക്ഷേത്രത്തിലെ മുൻ പുരോഹിതൻ ഇവരുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാപരമായി തെറ്റാണെന്നും വ്യക്തമാക്കി. ഉർവ്വശി ക്ഷേത്രത്തിന് നടിയുമായി യാതൊരു ബന്ധമില്ലെന്നും, ഹിന്ദു പുരാണങ്ങളിലെ ദേവതയായ ഉർവ്വശി ദേവിക്കും, ചില ഐതിഹ്യങ്ങളിൽ സതി ദേവിക്കും സമർപ്പിച്ചിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു പുരാതന ക്ഷേത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.