ന്യൂഡൽഹി: വ്യാജ ജോലി വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെട്ട് സൈബർ തട്ടിപ്പ് സംഘങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരായ നാല് ഇന്ത്യക്കാരെക്കൂടി മ്യാൻമറിൽ നിന്നും തിരികെയെത്തിച്ച് ഇന്ത്യൻ എംബസി. മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിൽ പ്രവർത്തിക്കുന്ന ഒരു സൈബർ തട്ടിപ്പ് സംഘത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരായവരെയാണ് എംബസി രക്ഷപ്പെടുത്തി നാട്ടിലേക്ക് തിരികെ അയച്ചത്.
ഏപ്രിൽ 12 ന് മ്യാൻമറിലെ മ്യവാഡിയിലെ സൈബർ തട്ടിപ്പ് ശൃംഖലകളിൽ നിന്ന് മോചിപ്പിച്ച ഇവരെ യാങ്കോണിലേക്ക് കൊണ്ടുവരികയും തുടർന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുകയുമായിരുന്നു. കഴിഞ്ഞ ഒരുമാസക്കാലയളവിനുള്ളിൽ ഇത്തരത്തിൽ വ്യാജ ജോലി വാഗ്ദാനങ്ങൾക്ക് ഇരയായ 500 ൽ അധികം ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തി നാട്ടിൽ തിരിച്ചെത്തിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വ്യാജ ജോലി വാഗ്ദാനങ്ങൾ നൽകി ഇന്ത്യൻ പൗരന്മാരെ ആകർഷിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും ഇവർ മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിപ്പോകുന്നതായും വിദേശകാര്യ മന്ത്രാലയം (എംഇഎ) റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ മ്യാൻമറിലെ മ്യവാഡിയെ ചുറ്റിപ്പറ്റിയുള്ള തട്ടിപ്പ് കേന്ദ്രങ്ങളിൽ ഇരകൾ കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇരകളിൽ ഭൂരിഭാഗവും ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ളവരാണെന്നും ചിലർ കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ളവരാണെന്നും സർക്കാർ അറിയിച്ചു.
മ്യാൻമർ-തായ്‌ലൻഡ് അതിർത്തി പ്രദേശങ്ങളിലെ തട്ടിപ്പുകാർ വിദേശ പൗരന്മാരെ വശീകരിക്കുന്നതിനായി തായ്‌ലൻഡ്, ദുബായ്, ബാങ്കോക്ക് എന്നിവിടങ്ങളിൽ മികച്ച ആനുകൂല്യങ്ങളോടെ “ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്” പദവികൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ അവർ എത്തിയതിനുശേഷം, ഈ തട്ടിപ്പ് കേന്ദ്രങ്ങളിൽ സൈബർ തട്ടിപ്പ് നടത്താൻ ഇവരെ നിർബന്ധിതരാക്കുന്നു. സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയും ദുബായ്, ഇന്ത്യ ആസ്ഥാനമായുള്ള ഏജന്റുമാർ വഴിയും തട്ടിപ്പുകാർ വ്യാജ ജോലി വാഗ്ദാനങ്ങൾ പ്രചരിപ്പിക്കുന്നു.















