എറണാകുളം: നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ഹാജരായി. രാവിലെ 10 മണിയോടെയാണ് ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസിന്റെ 32 ചോദ്യങ്ങൾക്കാണ് ഷൈൻ ഉത്തരം നൽകേണ്ടത്.” പൊലീസിനെ കണ്ട് എന്തിന് ഓടി”എന്നതാണ് പ്രധാനമായും അറിയേണ്ടത്.
ഷൈനിന്റെ മൊബൈൽ ഫോൺ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഷൈനിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ വിവരങ്ങളും സംശയമുള്ള നമ്പറുകളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. ഷൈൻ നഗരത്തിൽ താമസിച്ച ആറ് ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. നിലവിൽ പൊലീസ് ഷൈനിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. 10.30-ക്ക് ഹാജരാകണം എന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാൽ അര മണിക്കൂർ നേരത്തെ ഷൈൻ എത്തി. മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.
ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം നേരിട്ട് ഹാജരാക്കണമെന്ന് നിർദേശിച്ചാണ് പൊലീസ് കഴിഞ്ഞ ദിവസം ഷൈനിന് നോട്ടീസ് നൽകിയത്. പരിശോധന നടന്ന അന്ന് രാത്രി ഹോട്ടൽ മുറിയിൽ നടന്ന കാര്യങ്ങൾ ഷൈൻ വിശദീകരിക്കണം. അടുത്തിടെ ഷൈൻ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു.