ന്യൂഡൽഹി: വിദേശ മണ്ണിൽ നിന്നും എട്ട് ചീറ്റപ്പുലികൾ കൂടി രാജ്യത്തേക്ക്. പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിൽ നിന്നും ചീറ്റകളെ കൊണ്ടുവരുന്നത്. മെയ്മാസത്തോടെ നാല് എണ്ണത്തിനെ ഇന്ത്യയിൽ എത്തിക്കുമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെയും സാന്നിധ്യത്തിൽ ഭോപ്പാലിൽ നടന്ന പ്രൊജക്റ്റ് ചീറ്റ അവലോകന യോഗത്തിൽ വ്യക്തമാക്കി
ദക്ഷിണാഫ്രിക്ക, ബോട്സ്വാന, കെനിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രൊജക്റ്റ് ചീറ്റയ്‌ക്കായി ഇതുവരെ 112 കോടിയിലധികം രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിച്ചത്. കുനോ ദേശീയോദ്യാനത്തിൽ നിലവിൽ 26 ചീറ്റകളുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു, അതിൽ 16 എണ്ണം തുറന്ന വനത്തിലും 10 എണ്ണം പുനരധിവാസ കേന്ദ്രത്തിലുമാണ്. ചീറ്റപ്പുലികളെ നിരീക്ഷിക്കുന്നതിനായി സാറ്റലൈറ്റ് കോളർ ഐഡികൾ ഉപയോഗിച്ച് 24 മണിക്കൂറും ട്രാക്കിംഗ് നടക്കുന്നുണ്ട്.
അഞ്ച് പെൺ ചീറ്റകൾ അടങ്ങുന്ന എട്ട് നമീബിയൻ ചീറ്റകളെ 2022 സെപ്റ്റംബർ 17 ന് കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടത്. 2023 ഫെബ്രുവരിയിൽ, ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടെ എത്തിച്ചു. നിലവിൽ കുനോ ദേശീയോദ്യാനത്തിൽ ഇന്ത്യയിൽ ജനിച്ച 14 കുഞ്ഞുങ്ങൾ ഉൾപ്പെടെ 26 ചീറ്റപ്പുലികളുണ്ട്. ഭാവിയിൽ കുനോയിൽ നിന്നും ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിൽ ചീറ്റകളെ ഘട്ടംഘട്ടമായി മാറ്റി പാർപ്പിക്കാനും പദ്ധതിയുണ്ട്. രാജസ്ഥാൻ അതിർത്തിയോട് ചേർന്നാണ് ഗാന്ധി സാഗർ വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്നത്.















