ശ്രീകാന്ത് മണിമല
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം നേട്ടമുണ്ടാക്കിയ ഏക ആഗോള വിപണിയായി ഇന്ത്യ. ഏപ്രില്‍ രണ്ടാം തിയതി ലോക സമ്പദ് വ്യവസ്ഥകളെ ഞെട്ടിച്ചുകൊണ്ട് ട്രംപ് നടത്തിയ പകരത്തിന് പകരം താരിഫ് പ്രഖ്യാപനം ഓഹരി വിപണികളെയെല്ലാം പിടിച്ചുലച്ചു. എന്നാല്‍ ഈ നഷ്ടത്തില്‍ നിന്ന് കരകയറിയ ഏക വിപണിയായി തിളങ്ങുകയാണ് ഇന്ത്യയുടെ ഓഹരി വിപണി. 2.5 ശതമാനം നേട്ടമാണ് സെന്‍സെക്‌സ് കൈവരിച്ചത്. 2.2 ശതമാനം നേട്ടം നിഫ്റ്റിയും കൈവരിച്ചു. ഈയാഴ്ച മാത്രം 4 ശതമാനവും അഞ്ച് ട്രേഡിംഗ് സെഷനുകളില്‍ 6.5 ശതമാനവും മുന്നേറ്റം നിഫ്റ്റി നടത്തി.
വീണിതാ കിടക്കുന്നു…
ലോകമാകെയുള്ള 16 പ്രധാന വിപണികള്‍ പരിശോധിക്കുമ്പോള്‍ എല്ലാ വിപണികളും സമ്മര്‍ദ്ദത്തിലാണെന്നു കാണാം. യുഎസ് വിപണികളായ എസ് ആന്‍ഡ് പി 500, 7 ശതമാനവും ഡൗ ജോണ്‍സ് 6 ശതമാനവും വീണു. യൂറോപ്പിലും സ്ഥിതി മോശമാണ്. ഫ്രാന്‍സിന്റെ വിപണിയായ സിഎസി 7.5 ശതമാനവും ജര്‍മനിയിലെ വിപണികളായ ഡിഎഎക്‌സ് 5.4 ശതമാനവും എഫ്ടിഎസ്ഇ 100, 3.9 ശതമാനവും കൂപ്പുകുത്തി.
ഏഷ്യയിലേക്ക് വരുമ്പോള്‍ ചൈനയുടെ സിഎസ്‌ഐ 300, 3.9 ശതമാനം വീണു. ഹാംഗ് സെംഗിനുണ്ടായ നഷ്ടം 7.8 ശതമാനമാണ്. തായ്വാന്‍ ഓഹരി വിപണി 8.4 ശതമാനം പിന്നോട്ടടിച്ചു നില്‍ക്കുന്നു. ജപ്പാനിലെ നിക്കൈ 3.8 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിലെ കോസ്പി 1.4 ശതമാനമാണ് ഇടിഞ്ഞത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത സൂചിക 1.7 ശതമാനവും ഫിലിപ്പീന്‍സ് വിപണി 1.8 ശതമാനവും വീണു. ന്യൂസിലന്‍ഡിലെ എന്‍സെഡ്എക്‌സ് 50, 2.1 ശതമാനമാണ് പിന്നോട്ടു നില്‍ക്കുന്നത്. ബ്രസീല്‍ വിപണിയായ ഇബോവെസ്പ 2.2 ശതമാനം ഇടിഞ്ഞിരിക്കുന്നു.
ഇന്ത്യയുടെ കരുത്ത്
ഈ കൂട്ടത്തകര്‍ച്ചക്കിടയിലും ഇന്ത്യന്‍ വിപണി അതിശക്തമായി പിടിച്ചു നില്‍ക്കുന്നു. ആഭ്യന്തര നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ഇപ്പോള്‍ വിദേശ നിക്ഷേപകര്‍ കൂടി ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നതായി കാണാം. ഏപ്രില്‍ 17 നും 4668 കോടി രൂപയുടെ വാങ്ങലുകള്‍ വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) നടത്തി.
വ്യാപാര കരാര്‍
ഇന്ത്യയും യുഎസും തമ്മില്‍ ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ ഉരുത്തിരിയുന്നെന്ന സൂചനകളാണ് നിക്ഷേപകര്‍ക്ക് ധൈര്യം പകരുന്നത്. ട്രംപ് പ്രകോപിപ്പിക്കുകയും താരിഫുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടും ഏറ്റുമുട്ടലിന് നില്‍ക്കാതെ സമാധാനമായി പ്രതികരിച്ച ഏക രാഷ്‌ട്രം ഇന്ത്യയാണ്. പരസ്യമായി ഒരു എതിര്‍ പ്രതികരണമോ പകരത്തിന് പകരം താരിഫുകളോ ന്യൂഡെല്‍ഹിയില്‍ നിന്ന് ഉണ്ടായില്ലെന്ന് അല്‍ക്കെമി കാപിറ്റല്‍ മാനേജ്‌മെന്റിന്റെ സിഐഒയായ ഹിരെന്‍ വേദ് ചൂണ്ടിക്കാട്ടുന്നു. ഇതിന് പകരം ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടുകയാണ് ഇന്ത്യ ചെയ്തത്. യുഎസുമായി ഏറ്റവുമാദ്യം വ്യാപാര കരാറില്‍ ഒപ്പിടുന്ന രാജ്യങ്ങളിലൊന്നായേക്കും ഇന്ത്യ.
താരിഫ് സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ചില നടപടികള്‍ ഇപ്പോള്‍ത്തന്നെ എടുത്തിട്ടുണ്ട് ഇന്ത്യ. ഹാര്‍ലി ഡേവിഡ്‌സണടക്കം യുഎസ് നിര്‍മിത മോട്ടോര്‍ സൈക്കിളുകളുടെ ഇറക്കുമതി താരിഫ് 50 ല്‍ നിന്ന് 30 ശതമാനത്തിലേക്ക് കുറച്ചു. ബോര്‍ബോണ്‍ വിസ്‌കിയുടെ താരിഫ് 150 ല്‍ നിന്ന് 100 ശതമാനത്തിലേക്കും ടെലികോം ഉപകരണങ്ങളുടേത് 20 ല്‍ നിന്ന് 10 ശതമാനത്തിലേക്കും കുറച്ചു.
അനുകൂല ഘടകങ്ങള്‍
അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുന്നതും ആശ്വാസമായിട്ടുണ്ട്. വ്യാപാര കമ്മി കുറയ്‌ക്കാനും പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനും ഇത് ഇന്ത്യക്ക് സഹായകരമാവും.
മൂന്നാം പാദത്തിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ റിസല്‍ട്ട് പുറത്തുവരുന്ന സമയമാണിത്. മെച്ചപ്പെട്ട ലാഭം ഇത്തവണ കമ്പനികള്‍ക്ക് ഉണ്ടാകുമെന്ന പ്രതീക്ഷകളും വിപണിക്ക് കരുത്താകുന്നു.
ഇനി താരിഫ് യുദ്ധം എത്ര വഷളായാലും അതുമൂലമുണ്ടാകുന്ന ആഗോള അസ്ഥിരതകളെ ആഭ്യന്തര വിപണിയുടെ കരുത്തും ബാഹുല്യവും കൊണ്ട് ഇന്ത്യക്ക് അതിജീവിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്. ആഭ്യന്തര വിപണിയും ആഭ്യന്തര ഉപഭോഗവും ശക്തമായി നില്‍ക്കുന്നത് ഇന്ത്യക്ക് കരുത്താണ്. മുന്‍പും ഇത്തരം ആഗോള അനിശ്ചിതാവസ്ഥകളില്‍ കുലുങ്ങാതെ നിന്ന പാരമ്പര്യം ഇന്ത്യന്‍ വിപണിക്കുണ്ട്.
അതിനാല്‍ തന്നെ ഇന്ത്യയുടെ വളര്‍ച്ചാ കഥയില്‍ ഇനിയും വിശ്വാസമര്‍പ്പിക്കാം. ഓഹരി വിപണിയിലെ മികച്ച ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിച്ച് ഈ വളര്‍ച്ചയുടെ ഭാഗമായി സാമ്പത്തിക നേട്ടമെടുക്കാം. ജാഗ്രതയോടെ നിക്ഷേപം തുടരുക.