ന്യൂഡൽഹി: ഡൽഹി സീലംപൂരിലെ പതിനേഴുകാരന്റെ കൊലപാതകത്തിൽ 25 കാരിയായ ‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന സിക്ര ഖാൻ അറസ്റ്റിൽ. ഇവർക്കൊപ്പം മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രോഗിയായ പിതാവിന് ചായ ഉണ്ടാക്കാൻ പാൽ വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് പതിനേഴുകാരൻ കുനാൽ സിംഗിനെ ഒരുസംഘം അക്രമികൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തിയത്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും നിരവധി ഹിന്ദു സംഘടനകളിലെ അംഗങ്ങളും പ്രതിഷേധിച്ചിരുന്നു. അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സിക്ര സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇരയായ കുനാലിന്റെ കൂട്ടാളിയായ ലാല തന്റെ ബന്ധുവിനെ ആക്രമിച്ചതിന് പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇവർക്ക് ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ഹാഷിം ബാബയുടെ ഭാര്യയുമായി അടുത്തബന്ധമുള്ളതായാണ് സൂചന.
ഗുണ്ടാസംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന സിക്രയെ മുൻപ് പിസ്റ്റൾ കൈവശം വച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിക്രയുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ തോക്കുകൾ പ്രദർശിപ്പിക്കുന്ന നിരവധി വീഡിയോകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ഇവർക്ക് 15,000-ത്തിലധികം ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലടക്കമുള്ളത്. കൂടാതെ 10–12 യുവാക്കളുടെ ഒരു ഗുണ്ടാ സംഘം ഇവർക്കൊപ്പമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.