ഡൽഹി ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അവസാന ഓവറിൽ മറികടന്ന് ഗുജറാത്തിന്റെ അത്യുഗ്രൻ വിജയം. ജോസ് ബട്ലർ അടിച്ചു തകർത്ത മത്സരത്തിൽ 204 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഗുജറാത്ത് മറികടക്കുന്നത്. 54 പന്തിൽ 97 റൺസെടുത്ത ജോസ് ബട്ലറുടെയും 43 റൺസെടുത്തെ ഷെർഫെയ്ൻ റുഥർഫോർഡിന്റെയും ഇന്നിംഗ്സുകളാണ് നിർണായക വിജയത്തിൽ കരുത്തായത്.
ഓപ്പണർ സായ് സുദർശൻ 36 റൺസ് നേടി ഗുജറാത്തിന് മാന്യമായ തുടക്കം സമ്മാനിച്ചു. രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ രക്ഷകനായ മിച്ചൽ സ്റ്റാർക്കിനെ ഗുജറാത്ത് ബാറ്റർമാർ വളഞ്ഞിട്ട് തല്ലി. അവസാന ഓവറിൽ രാഹുൽ തെവാട്ടിയയാണ് ഗുജറാത്തിന്റെ വിജയം എളുപ്പമാക്കിയത്. താരം മൂന്ന് പന്തിൽ ഒരു സിക്സും ഫോറും സഹിതം 11 റൺസെടുത്തു.
നേരത്തെ ഡൽഹി ബാറ്റർമാരുടെ മികച്ച പ്രകടനമാണ് അവർക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. കരുൺനായർ (31), കെ.എൽ രാഹുൽ(28), അക്സർ പട്ടേൽ(39), ട്രിസ്റ്റൺ സ്റ്റബ്സ്(37) എന്നിവരാണ് ഡൽഹിക്കായി തിളങ്ങിയത്. പ്രസിദ്ധ് കൃഷ്ണ നാലു വിക്കറ്റ് വീഴ്‌ത്തി ഓറഞ്ച് ക്യാപ് ഹോൾഡറായി. വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഡൽഹി ഒന്നാമത് കയറി.