തൃശൂർ: ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ ഒല്ലൂർ മേരിമാതാ പള്ളിയിലും പുത്തൻപള്ളി മേരിമാതാ കത്തോലിക്ക പള്ളിയിലും നടന്ന കുർബാനയിൽ സുരേഷ് ഗോപി പങ്കെടുത്തു. വിശ്വാസികളോടൊപ്പം എല്ലാ ചടങ്ങുകളിലും അദ്ദേഹം പങ്കാളിയായി.
വിശ്വാസികൾക്ക് ഈസ്റ്റർദിന സന്ദേശം നൽകിയതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. തൃശൂരിലെ പുത്തൻപള്ളി മേരിമാതാ കത്തോലിക്ക പള്ളിയിലാണ് സുരേഷ് ഗോപി ആദ്യം എത്തിയത്. ഇവിടെ നടന്ന പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് അദ്ദേഹം ഒല്ലൂരിലെ മേരിമാതാ പള്ളിയിലേക്ക് തിരിച്ചത്.
തൃശൂർ ആർച്ച ബിഷപ്പിനെ സന്ദർശിക്കാനായി ബിഷപ്പ് ഹൗസിൽ എത്തി. പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഈസ്റ്റർ ദിനം ആഘോഷിക്കുന്ന എല്ലാ വിശ്വാസികൾക്കും സുരേഷ് ഗോപി ആശംസകളും അറിയിച്ചു.















