തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ പാളയം ലൂർദ് ഫൊറോന പള്ളി സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തുകയും ഈസ്റ്റർ ആശംസകൾ കൈമാറുകയും ചെയ്തു. ബിജെപിയുടെ ജില്ലാ നേതാക്കളോടൊപ്പമാണ് രാജീവ് ചന്ദ്രശേഖർ എത്തിയത്.
ബിജെപിയുടെ മറ്റ് നേതാക്കളും ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് ദേവലായങ്ങൾ സന്ദർശിച്ചു. ഈസ്റ്റർദിനത്തിന്റെ ഭാഗമായി എല്ലാ ബിജെപി നേതാക്കളും ആഘോഷങ്ങൾക്ക് മുന്നിട്ടിറങ്ങി. ഇത്തവണ എല്ലായിടത്തും ബിജെപി പ്രവർത്തകർ ക്രൈസ്തവ സമൂഹത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കണമെന്ന നിർദേശം സംസ്ഥാനതലത്തിൽ നിന്ന് നൽകിയിട്ടുണ്ട്.
പ്രതീക്ഷയുടെ ഉയർത്തെഴുന്നേൽപ്പായ ഈസ്റ്റർ ദിനത്തിൽ എല്ലാ വിശ്വാസികൾക്കും രാജീവ് ചന്ദ്രശേഖർ ആശംസകൾ അറിയിച്ചു. യേശുദേവൻ പകർന്നു നൽകിയ സ്നേഹത്തിന്റെ വലിയ സന്ദേശവും ഈ പുണ്യദിനത്തിന്റെ നന്മകളും, വികസിത കേരളം എന്ന ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കട്ടെയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.