ന്യൂഡൽഹി: നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാൻസ് കൂടിക്കാഴ്ച നടത്തും. ഇന്ത്യ- യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മോദി- വാൻസ് കൂടിക്കാഴ്ച എന്നതും പ്രധാനമാണ്.
ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരബന്ധം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്യും. വ്യാപാരം, താരിഫ്, പ്രതിരോധം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചും ചർച്ച നടക്കും.
കുടുംബത്തോടൊപ്പമാണ് വാൻസ് ഇന്ത്യ സന്ദർശിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിൽ വാൻസിനും കുടുംബത്തിനും അത്താഴവിരുന്ന് നൽകും. ഈസ്റ്റർ ദിന ആഘോഷങ്ങളുടെ ഭാഗമായി വാൻസും കുടുംബവും നിലവിൽ വത്തിക്കാനിലാണ്. വത്തിക്കാൻ സന്ദർശനത്തിന് ശേഷം നാളെ രാവിലെയായിരിക്കും ഡൽഹിയിലെത്തുക.
24 വരെ യുഎസ് വൈസ് പ്രസിഡന്റ് ഇന്ത്യയിലുണ്ടായിരിക്കും. പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുത്തശേഷം കുടുംബത്തോടൊപ്പം ജയ്പൂരിലേക്ക് പോകും. പിന്നീട് ആഗ്രയിൽ പോവുകയും താജ്മഹൽ സന്ദർശിക്കുകയും ചെയ്യും. ഡൽഹിയിലെ സ്വാമിനാരായണൻ അക്ഷർധാം ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും.















