ഹൈദരാബാദ്: കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. സ്കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 32-കാരിയായ അമ്മ ഇതിന് പിന്നാലെ ജീവനൊടുക്കി. ആറ് പേജ് ദൈർഘ്യമുള്ള ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദിലെ പ്രാന്തപ്രദേശമായ ഗജുലരാമരം ഏരിയയിൽ ജീഡിമെറ്റ്ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്.
വീട്ടിൽ തേങ്ങ വെട്ടാൻ ഉപയോഗിക്കുന്ന വെട്ടുകത്തി ഉപയോഗിച്ച് കുട്ടികളെ വെട്ടിക്കൊല്ലുകയായിരുന്നു തേജസ്വിനി. തന്റെ കണ്ണുകൾക്ക് ബാധിച്ചിരുന്ന രോഗം ജനിതകമായി രണ്ടു മക്കൾക്കും ലഭിച്ചത് തേജസ്വിനിയെ മാനസികമായി തളർത്തിയിരുന്നു. അർഷിത് റെഡ്ഡി, ആഷിഷ് റെഡ്ഡി എന്നീ രണ്ടുകുട്ടികളും ജനിതക രോഗത്തിന് ചികിത്സയിലുമായിരുന്നു. ഓരോ നാല് മണിക്കൂർ കൂടുമ്പോഴും കണ്ണുകളിൽ ഐഡ്രോപ്സ് ഒഴിക്കണമെന്നതാണ് ഇവരുടെ രോഗത്തിന്റെ പ്രത്യേകത. ഇല്ലെങ്കിൽ കാഴ്ചശക്തി നന്നേകുറയും. ചുറ്റുമുള്ള വസ്തുക്കൾ തിരിച്ചറിയാൻ സാധിക്കാത്തവണ്ണം കാഴ്ച ഇല്ലാതാകും.
മക്കൾ രണ്ടുപേർക്കും തന്റെ രോഗം അതേപടി ലഭിച്ചതിനാൽ മാനസികമായും ശാരീരികമായും തേജസ്വിനി തളർന്നു. ഭർത്താവുമായി അസ്വാരസ്യങ്ങൾ കൂടി. ദിവസവും വഴക്കായി. “നീ പോയി ചാവ്..” എന്ന് ഭർത്താവ് ആവർത്തിച്ച് പറഞ്ഞു. ഒടുവിൽ മരിക്കാൻ തീരുമാനിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
രണ്ടുമക്കളെയും വെട്ടിക്കൊന്ന ശേഷം അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു തേജസ്വിനി. ഒരു മകൻ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു മകൻ ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരണത്തിന് കീഴടങ്ങിയത്.















